മലപ്പുറം: നഗരസഭയിൽ 40 വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നഗരസഭ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ 33-ാം വാര്‍ഡ് കോല്‍മണ്ണയില്‍ നിന്നും വിജയിച്ച അബ്ദുല്‍ ഹമീദ് പരിക്ക് റിട്ടേണിങ് ഓഫീസര്‍ സബിത സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടര്‍ന്ന് ഒന്ന് മുതല്‍ 40 വരെയുള്ള വാര്‍ഡുകളിലെ മറ്റ് അംഗങ്ങള്‍ അബ്ദുല്‍ ഹമീദ് പരി സത്യവാചകം ചൊല്ലികൊടുത്തു. യുഡിഎഫ് അംഗങ്ങള്‍ ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചിലര്‍ ദൃഢപ്രതിജ്ഞ ചെയ്തപ്പോള്‍ ചിലര്‍ ദൈവ നാമത്തിലും സത്യവാചകം ഏറ്റുചൊല്ലി. അഞ്ച് അംഗങ്ങള്‍ ഒഴികെ 35 അംഗങ്ങളും നഗരസഭയിലേക്ക് ആദ്യമായിട്ടാണ് തെരഞ്ഞെടുക്കപ്പെടുന്നത്. അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കും. രാവിലെ 11 മണിക്ക് അധ്യക്ഷ സ്ഥാന തെരഞ്ഞെടുപ്പും ഉച്ചക്ക് രണ്ട് മണിക്ക് ശേഷം ഉപാധ്യക്ഷ സ്ഥാനത്തിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും. 30-ാം വാര്‍ഡ് ആലത്തൂര്‍പടിയില്‍ നിന്ന് വിജയിച്ച മുജീബ് കാടേരിക്കാണ് അധ്യക്ഷ പദവി സാധ്യത കല്‍പ്പിക്കപ്പെടുന്ന അംഗം.
ഉപാധ്യക്ഷ പദവി കോണ്‍ഗ്രസിന് നല്‍കുകയാണെങ്കില്‍ വാര്‍ഡ് 23 വലിയവരമ്പില്‍ നിന്ന് വിജയിച്ച കൊന്നോല ഫൗസിയ കുഞ്ഞിപ്പുവിനാണ് സാധ്യത. ലീഗാണ് ഏറ്റെടുക്കുന്നതെങ്കില്‍ 35-ാം വാര്‍ഡ് പട്ടര്‍കടവില്‍ നിന്ന് വിജയിച്ച മറിയുമ്മ ശരീഫിന് ലഭിക്കും. ചടങ്ങില്‍ പി ഉബൈദുല്ല എംഎല്‍എ, നഗരസഭ സെക്രട്ടറി കെ ബാലസുബ്രമണ്യ, മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല, മുന്‍നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.