മലപ്പുറം: മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാനത്തെ കെഎസ്ഇബി ജീവനക്കാര്‍ വഹിച്ച പങ്കിന് വലിയ പ്രശംസ ലഭിച്ചിരുന്നു. കോരിച്ചൊരിയുന്ന മഴത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനും ട്രാന്‍സ്ഫോമറുകള്‍ ശരിയാക്കാനും കെഎസ്ഇബി ജീവനക്കാര്‍ കാണിച്ച ഊര്‍ജ്വസ്വലത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ഏറെ സഹായിച്ചു. ഇപ്പോഴിതാ കെഎസ്ഇബിയെ പ്രശംസ കൊണ്ട് മൂടുകയാണ് കനത്ത മഴയും വെള്ളപ്പൊക്കവും വൈദ്യുത ശൃംഖലക്ക് ഏറ്റവുമധികം നാശം വിതച്ച മലപ്പുറം എടവണ്ണപ്പാറയിലെ നാട്ടുകാര്‍.
വെള്ളപ്പൊക്കം ആരംഭിച്ചത് മുതൽ വലിയ പ്രതിസന്ധിയാണ് എടവണ്ണപ്പാറ ഡിവിഷനിലെ കെഎസ്ഇബി ജീവനക്കാർ നേരിട്ടത്. മലവെള്ളപ്പാച്ചിലിന്‍റെ ശക്തി കൂടിയതോടെ എല്ലാം കൈവിട്ടുപോയി. 18 ട്രാൻസ്ഫോർമറുകള്‍ വെള്ളത്തിൽ മുങ്ങിയതോടെ ആദ്യം തന്നെ കറണ്ട് ഓഫാക്കേണ്ടി വന്നു. മേഖലയിൽ മാത്രം നൂറ്റിപ്പതിനഞ്ചിലേറേ പോസ്റ്റുകളാണ് മുറിഞ്ഞ് വീണത്. അറുനൂറിലേറെ സ്ഥലങ്ങളില്‍ വൈദ്യുത ലൈനുകള്‍ പൊട്ടി വീണു. നിരവധിയിടങ്ങളില്‍ പോസ്റ്റും ലൈനും വരെ വെള്ളത്തിൽ മുങ്ങി. മണ്ണിടിച്ചിലുണ്ടായ മുണ്ടക്കലില്‍ നാലോളം പോസ്റ്റുകള്‍ മണ്ണിനടിയില്‍പ്പെട്ടു.
ഈ സമയങ്ങളിലും വെള്ളപ്പൊക്കം ബാധിക്കാത്ത പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടാതെ നോക്കാന്‍ ജീവനക്കാര്‍ക്കായി. വെള്ളമിറങ്ങിയതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുത ബന്ധം പുനസ്ഥാപിച്ചു. 11 ലൈന്‍മാന്മാരും ആറ് വര്‍ക്കര്‍മാരും മാത്രമാണ് നിലവില്‍ ഡിവിഷനിലുള്ളത്. മറ്റ് ഡിവിഷനുകളില്‍ നിന്നും കൂടുതല്‍ ആളുകളെയെത്തിച്ചാണ് പ്രതിസന്ധി മറി കടന്നത്. മേഖലയിലെ സാഹചര്യം കണക്കിലെടുത്ത് ഡിവിഷനില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.