മലപ്പുറം: മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് എടവണ്ണയില്‍ വിദ്യാർഥികൾക്ക് ഒരു മുന്നറിയിപ്പ് എന്ന പേരില്‍ കഴിഞ്ഞ ദിവസം ഒരു ബോർഡ് പ്രത്യക്ഷപ്പെട്ടു. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. " കോണികൂടിലും ഇലമറവിലും പരിസരബോധമില്ലാതെ സ്‌നേഹപ്രകടനം കാഴ്‌ചവെയ്ക്കുന്ന ആഭാസ വിദ്യരായ വിദ്യാർഥികളോട് ഞങ്ങൾക്കൊന്നേ പറയാനൊള്ളൂ, ഇനി മുതല്‍ ഇത്തരം ഏർപ്പാടുകൾ ഇവിടെ വെച്ച് വേണ്ട, വേണമെന്ന് നിർബന്ധമുള്ളവർക്ക് താലി കെട്ടി കൈപിടിച്ചു വീട്ടില്‍ കൊണ്ടുപോയി തുടരാവുന്നതാണ്. (ഇവിടെ വരെ കറുത്ത നിറത്തില്‍) മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോവുന്നവരെ എന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് നന്നായിട്ടറിയാം. (ഇവിടെ വരെ നീല നിറത്തില്‍) ആയതിനാല്‍ അഞ്ച് മണിക്ക് ശേഷം ഈ പരിസരത്ത് വിദ്യാർഥികളെ കാണാനിട വന്നാല്‍ അവരെ നാട്ടുകാർ കൈകാര്യം ചെയ്യുന്നതും രക്ഷിതാക്കളെ വിളിച്ച് ഏല്‍പിക്കുന്നതുമാണ്". (ഇവിടെ വരെ ചുവപ്പ് നിറത്തില്‍).. ഇനി ലേശം കടുത്ത ചുവപ്പിലാണ് എഴുത്ത് തുടരുന്നത്....' ഇത് സദാചാര ഗുണ്ടായിസമല്ല.. വളർന്നു വരുന്ന കുട്ടികളും കുടുംബവുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ്'.
എടവണ്ണ ജനകീയ കൂട്ടായ്‌മ
വെള്ളയില്‍ കറുപ്പ് നിറത്തിലുള്ള അക്ഷരത്തില്‍, ഉടൻ വന്നു അതിന് മറുപടി ബോർഡ്...
" ആധുനിക ഡിജിറ്റല്‍ സ്‌കാനറിനെ തോല്‍പ്പിക്കുന്ന സാങ്കേതിക തികവുള്ള കണ്ണുമായി ബസ് സ്റ്റാൻഡിലെയും പരിസരത്തെയും കോണികൂടിലേക്ക് സദാചാര ആങ്ങളമാരുടെ ടോർച്ചടിക്കുന്നതിന് മുൻപ് അവനവന്‍റെ വിദ്യാർഥികളായ മക്കൾ (ആൺ പെൺ വ്യത്യാസമില്ലാതെ) കൈകാര്യം ചെയ്യുന്ന മൊബൈലും വാട്‌സ് ആപ്പും ഇൻസ്റ്റഗ്രാമും ആദ്യമൊന്ന് തിരഞ്ഞ് നോക്കണം. സ്‌കൂൾ വിദ്യാർഥികൾക്ക് 7 am to 7 pm ആണ്. കൺസഷൻ ടൈം എന്നറിയാതെ 5 മണി കഴിഞ്ഞ് ബസ് സ്റ്റാൻഡിലുപം പരിസരത്തും കണ്ടാല്‍ കൈകാര്യം ചെയ്തുകളയുമെന്ന് ആഹ്വാനം ചെയ്യാനും ബോർഡ് വെക്കാനും ഒരു വ്യക്തിക്കോ സമൂഹത്തിനോ അധികാരവും അവകാശവും നിയമവുമില്ലെന്ന് (ഇനി ലേശം വലിപ്പത്തിലുള്ള അക്ഷരത്തിലാണ്) സദാചാര കമ്മറ്റിക്കാർ ഓർക്കണം...
വിദ്യാർഥി പക്ഷം എടവണ്ണ
എടവണ്ണയില്‍ വിദ്യാർഥികളും നാട്ടുകാരും തമ്മില്‍ ദീർഘനാളായി തുടരുന്ന അസ്വാരസ്യങ്ങളുടെ തുടർച്ചയാണ് ബോർഡുകൾ കൊണ്ടുള്ള പോരെന്നാണ് സൂചന. ബോർഡ് യുദ്ധം സാമൂഹിക മാധ്യമങ്ങളിലും ചർച്ചയായി. രണ്ട് വിഭാഗവും പരസ്യമായി ബോർഡുകൾ വെച്ചതോടെ വിഷയത്തില്‍ പൊലീസ് ഇടപെട്ടു. ഇതോടെ കഴിഞ്ഞ ദിവസം പൊലീസ് എത്തി ബോർഡുകൾ നീക്കം ചെയ്തു.
ഇതിനിടെ ബോർഡുകൾ സ്ഥാപിച്ചതില്‍ സമ്മിശ്ര പ്രതികരണമാണ് പ്രദേശവാസികൾ പങ്കുവെയ്ക്കുന്നത്. എടവണ്ണയിൽ സദാചാര വാദികളും സദാചാര പ്രശ്‌നങ്ങളുമില്ലെന്നാണ് പൊതുവികാരം. എടവണ്ണ ബസ് സ്റ്റാൻഡ് പരിസരത്ത് സ്കൂൾ കോളേജ് വിദ്യാർത്ഥികൾ കൂട്ടത്തോടെ നിന്ന് സംസാരിക്കുന്നതാണ് ബോർഡ് സ്ഥാപിക്കുന്നിതിലേക്ക് വരെ നയിച്ചത്. എന്നാല്‍ ആരാണ് ഈ ബോർഡുകൾ സ്ഥാപിച്ചത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.