മലപ്പുറം: ചാലിയാറിലെ പെരുവമ്പാടം ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. 85 കുടുംബങ്ങൾക്കായി ഒരു കിണര്‍ മാത്രമാണ് ഏക ആശ്രയം. എന്നാല്‍ പല കുടുംബങ്ങൾക്കും വളരെ കുറച്ച് കുടിവെള്ളം മാത്രമാണ് ഇതുവഴി ലഭിക്കുന്നത്. അതുകൊണ്ടുതന്നെ കുളിക്കാനും വസ്‌ത്രങ്ങൾ അലക്കാനും മറ്റാവശ്യങ്ങൾക്കും കുറുവന്‍ പുഴയെ ആശ്രയിക്കണം. അലക്കാനുള്ള വസ്‌ത്രങ്ങളും പാത്രങ്ങളും തലചുമടായിയെടുത്ത് അഞ്ച് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് കുറുവൻ പുഴയുടെ വെളിയംകല്ല് കടവിൽ ഇവരെത്തുന്നത്.
മുൻവർഷങ്ങളിൽ പഞ്ചായത്ത് അധികൃതര്‍ വണ്ടികളിൽ വെള്ളം എത്തിച്ചുനൽകിയിരുന്നുവെങ്കിലും ഇത്തവണ ആ പതിവ് നിര്‍ത്തിയിരുന്നു. വേനല്‍ക്കാലമായതിനാല്‍ കിണറിലെ വെള്ളം ഓരോ ദിവസവും കുറഞ്ഞുവരികയാണെന്നതും ഇവരെ ആശങ്കയിലാക്കുന്നു. കൊവിഡ് ഭീതിക്കൊപ്പം കുടിവെള്ളക്ഷാമവും നേരിടുമ്പോൾ ആദിവാസികളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്.