മലപ്പുറം: ഇരിമ്പിളിയം ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ വിദ്യാര്‍ഥിനി ദേവികയുടെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. ദേവികയുടെ വളാഞ്ചേരി ഇരിമ്പിളിയത്തെ വീട്ടില്‍ നേരിട്ടെത്തിയാണ് ജില്ലാ കലക്ടര്‍ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നത്.
ദേവികയുടെ അച്ഛൻ ബാലകൃഷ്ണനേയും അമ്മ ഷീബയേയും മുത്തശ്ശി കാളിയേയും ജില്ലാ കലക്ടര്‍ നേരിട്ട് കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ദേവികയുടെ അമ്മ ഷീബയ്ക്ക് 75 ദിവസം പ്രായമായ കുഞ്ഞുള്ളതിനാല്‍ പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്നതിനായി അങ്കണവാടി ജീവനക്കാരോട് പ്രത്യേകം ശ്രദ്ധ നല്‍കണമെന്ന് അദ്ദേഹം നിർദേശിച്ചു.
ദേവികയുടെ സഹോദരിമാരുടെ പഠനാവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് സൗകര്യത്തോടെ ടാബ് നല്‍കി. ജില്ലയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും അസൗകര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് പരിഹരിക്കുന്നതിനായി ഡി.ഡി.ഇ ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ട്രയല്‍ ക്ലാസുകള്‍ മാത്രമാണ് നടക്കുന്നത്. ജൂണ്‍ എട്ടിന് യഥാര്‍ഥ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മുഴുവന്‍ പരാതികളും പരിഹരിക്കുന്നതിനുള്ള നടപടികളാണ് എടുത്തിട്ടുള്ളത്.
പ്രാദേശിക തലത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പഞ്ചായത്ത് തലം മുതല്‍ ജനപ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും കൊവിഡ് വൈറസിന്‍റെ ഈ അസാധാരണ ഘട്ടത്തിനെ നമുക്ക് ഒരുമിച്ച് നേരിടാമെന്നും കലക്ടര്‍ പറഞ്ഞു. മൊബൈല്‍ ഫോണില്‍ സിഗ്നല്‍ കിട്ടുന്നില്ലെന്നുള്‍പ്പടെയുള്ള കാരണങ്ങള്‍ കൊണ്ട് കുട്ടികള്‍ പരിഭ്രാന്തരാവേണ്ടതില്ല. ഒരു ക്ലാസ് നഷ്ടമായെന്ന് കരുതി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. നിങ്ങള്‍ക്കിനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും എന്തിനും നിങ്ങളോടൊപ്പം നില്‍ക്കാന്‍ ജില്ലാ ഭരണകൂടം ഒരുക്കമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.ജില്ലാ പൊലിസ് മേധാവി യു. അബ്ദുല്‍ കരീം, ഡി.ഡി.ഇ കെ.എസ്. കുസുമം, വിവിധ ജനപ്രതിനിധികള്‍ എന്നിവരും കലക്ടറോടൊപ്പം ദേവികയുടെ വീട്ടിലെത്തി.