മലപ്പുറം: ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കൊവിഡ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രംഗത്ത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി തിരൂരങ്ങാടി ചെമ്മാട് നഗരത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി. മാസ്‌ക് ധരിക്കാത്ത 19 പേര്‍ക്ക് പിഴ ചുമത്തി. ജില്ലാ കലക്‌ടര്‍ കെ ഗോപാലകൃഷ്ണന്‍റെ നിര്‍ദേശപ്രകാരം പൊലീസ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍, അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് രൂപീകരിച്ചാണ് പരിശോധന നടത്തിയത്. സോപ്പും സാനിറ്റൈസറും സൂക്ഷിക്കാത്ത സ്ഥാപന ഉടമകളെ താക്കീത് ചെയ്തു. പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെ സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വരും ദിവസങ്ങളിലും താലൂക്ക് തലങ്ങളില്‍ സ്‌ക്വാഡ് കര്‍ശന പരിശോധന തുടരും.
തിരൂരങ്ങാടി ഗവ.ഹയര്‍സെക്കൻഡറി സ്‌ക്കൂളിലെ അധ്യാപകന്‍ പി ഇസ്‌മായില്‍, തിരൂരങ്ങാടി സിവില്‍ സപ്ലൈസ് ഓഫീസിലെ റേഷനിംഗ് ഇന്‍സ്‌പെകടര്‍ കെ ഡി രാജന്‍, തിരൂരങ്ങാടി സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സി ശിവന്‍ എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരിശോധനയും നടപടിയും. മാസ്‌ക് ശരിയായി ധരിക്കാത്തവരും, കീശയില്‍ കൊണ്ടുനടക്കുന്നവരും വ്യാപകമായതോടെയാണ് ജില്ലാ കലക്‌ടർ കൊവിഡ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് കര്‍ശന നടപടിയ്ക്ക് നിര്‍ദേശം നല്‍കിയത്.