മലപ്പുറം: ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനൊരുങ്ങി ബസ്സുടമകൾ. പ്രതിഷേധത്തിന്‍റെ ഭാഗമായി നാളെ മലപ്പുറം ദൂരദര്‍ശന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡീസല്‍ വില വര്‍ദ്ധനവ് കാരണം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സ്വകാര്യ ബസ്സുടമകള്‍ ജി.ഫോം നല്‍കി സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഡീസല്‍ വിലവര്‍ദ്ധനവ് മൂലം 1500 മുതല്‍ 2500 രൂപ വരെ ഓരോ ബസ്സിനും അധിക ചിലവ് വേണ്ടി വന്നിരിക്കയാണ്. ഈ സാഹചര്യത്തില്‍ ഡീസല്‍ അടിക്കാനോ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ കഴിയാത്ത അവസ്ഥയാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഡീസലിന് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതിയിലും സംസഥാന സര്‍ക്കാര്‍ വില്‍പ്പന നികുതിയിലും കുറവ് വരുത്തുക, കേന്ദ്ര സര്‍ക്കാറിന്‍റെ സ്‌ക്രാപ്പ് പോളിസി 15 വര്‍ഷം എന്നത് 20 വര്‍ഷമാക്കി ഉയര്‍ത്തുക, കേന്ദ്ര സര്‍ക്കാറിന്‍റെ സാമ്പത്തിക പാക്കേജില്‍ സ്റ്റേജ് കാര്യേജ് ബസ് വ്യവസായത്തേയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറായില്ലെങ്കില്‍ അിശ്ചിതകാല സമരം അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികൾ അറിയിച്ചു.
ജി ഫോം നല്‍കിയാല്‍ ബസുകള്‍ മൂന്ന് മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ കയറ്റിയിടാം. എപ്പോള്‍ വേണമെങ്കിലും ഉടമകള്‍ക്ക് ജി ഫോം പിന്‍വലിച്ച് ബസുകള്‍ റോഡിലിറക്കാനും വ്യവസ്ഥയുണ്ട്. ജി ഫോം നല്‍കിയാല്‍ വാഹന നികുതി, ക്ഷേമനിധി, ഇന്‍ഷുറന്‍സ് എന്നീ ബാധ്യതകളില്‍ നിന്ന് ഒഴിവാകാം.