മലപ്പുറം: വാഹനവുമായി റോഡിലിറങ്ങുന്നവർ സൂക്ഷിക്കുക ഇനി മുതല്‍ ചെറിയ പിഴവുകൾക്ക് പോലും ഇനി മോട്ടോർ വാഹനവകുപ്പുകാർ ക്ഷമിക്കില്ല. ഗതാഗത നിയമലംഘന പിഴത്തുക കൂട്ടിയതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കുള്ള ടാര്‍ഗറ്റും കൂട്ടി. മാസം 300 കേസും ഒരു ലക്ഷം രൂപയും ഈടാക്കി നൽകിയിരുന്ന അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഇനി മുതൽ അഞ്ഞൂറ് പേരിൽ നിന്നായി നാലുലക്ഷം രൂപ ഈടാക്കണമെന്നാണ് നിർദേശം.
ഗതാഗത കമ്മിഷണറുടെ സർക്കുലറിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. ഫ്ലൈയിങ് സ്ക്വാഡായിരിക്കും കൂടുതൽ കണിശക്കാർ. സ്ക്വാഡിലെ മൂന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരിൽ ഓരോരുത്തരും മാസം അഞ്ഞൂറ് കേസുകൾ രജിസ്റ്റർ ചെയ്യണമെന്ന് മാത്രമല്ല, പിഴയായി നാലുലക്ഷം രൂപയും ഈടാക്കിയിരിക്കണം. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറും സമാനമായ തുക പിരിച്ചെടുക്കണം. അതായത് ഒരു സ്ക്വാഡ് മാസം പതിനാറ് ലക്ഷം രൂപ ഖജനാവിൽ അടച്ചിരിക്കണമെന്നാണ് ഉത്തരവ്.
ആർടി ഓഫീസുകളിലെ എ എംവിഐമാർ മാസം രജിസ്ട്രർ ചെയ്യേണ്ട കേസുകൾ 75ൽ നിന്ന് 150 ആയി ഉയർത്തി . തുക അൻപതിനായിരത്തിൽ നിന്ന് രണ്ടുലക്ഷമായും കൂട്ടി . എംവിഐമാര്‍ നൂറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പുറമെ ഒന്നരലക്ഷവും ഈടാക്കി നല്‍കണം.
ചെക്ക് പോസ്റ്റുകളിലുമുണ്ട് ടാർഗറ്റ്. വാളയാർ ഇന്നർ ചെക്ക്പോസ്റ്റിലെ ഒരു എഎംവിഐ ഒരു മാസം നാലുലക്ഷം രൂപയും എംവിഐ മൂന്നുലക്ഷം രൂപയും പിരിച്ചിരിക്കണം. ഔട്ടർ ചെക്ക് പോസ്റ്റിലിത് യഥാക്രമം രണ്ടുലക്ഷത്തി അൻപതിനായിരവും ഒരുലക്ഷവുമാണ് . പിഴത്തുക കൂട്ടിയതു കൊണ്ടാണ് ടാർജറ്റ് കൂട്ടിയതെന്നാണ് വാദം. എന്നാൽ പലരും കോടതിയിൽ പിഴയൊടുക്കുന്നത് കാരണം ടാർജറ്റ് തികയ്ക്കാൻ ഉദ്യോഗസ്ഥർ പാടുപെടും.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഈ കൊള്ളയെന്ന ആക്ഷേപവും ഉയരുന്നുണ്ട് . സർക്കുലർ പുറത്തുവന്നതോടെ ടാർജറ്റില്ലെന്ന് പറഞ്ഞൊഴിയാനും ഇനി ഗതാഗത കമ്മിഷണർക്കാവില്ല .