മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പൊന്നാനി വെളിയങ്കോട് സ്വദേശിയായ അഫ്സൽ (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടി വാഹനം നിർത്തി ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോഴാണ് വെളിയൻകോട് ഹോട്ടലിൽ വെച്ച് പ്രതി അബ്ദുള്ള കുട്ടിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് എന്നാണ് പരാതി.
സംഭവം നടന്ന ഉടൻ അബ്ദുള്ളക്കുട്ടി പൊന്നാനി പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിനുശേഷം അദ്ദേഹത്തിന്‍റെ വാഹനം അപകടത്തിൽ പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിനുശേഷം അദ്ദേഹത്തിന്‍റെ വാഹനം അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി ഉണ്ടായിരുന്നു. ഈ രണ്ടു സംഭവങ്ങളും പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ഹോട്ടലിന് അടുത്തുള്ള സിസിടിവിപ്രവർത്തിച്ചിരുന്നില്ല. ഇതിനെത്തുടർന്ന് മറ്റാരു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതി അഫ്സലിന് പുറമേ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയും പൊന്നാനി പൊലീസ് കേസെടുത്തിട്ടുണ്ട്.