മലപ്പുറം : ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നതിന് ശേഷം കേരള അതിർത്തിയായ നാടുകാണി ചുരം വഴിയുള്ള പച്ചക്കറിയുടെ ഇറക്കുമതിയിൽ ഗണ‍്യമായ കുറവ്. ദിനംപ്രതി വലുതും ചെറുതുമായ അഞ്ഞൂറോളം പച്ചക്കറി വാഹനങ്ങളാണ് ട്രിപ്പിൾ ലോക് ഡൗണിന് മുമ്പ് ചുരം ഇറങ്ങി ജില്ലയിലെത്തിയിരുന്നത്. ഇത് പകുതിയോളം കുറഞ്ഞതായാണ് വഴിക്കടവ് ആനമറിയിലെ ചെക്ക്പോസ്റ്റ് അധികൃതർ പറയുന്നത്. വ‍്യാഴാഴ്ച 282ഉം, വെള്ളിയാഴ്ച 266 ഉം ചരക്ക് വാഹനങ്ങൾ മാത്രമാണ് ചുരം ഇറങ്ങിയത്. പച്ചക്കറി വാഹനങ്ങൾ കൂടാതെ അരി, മറ്റ് പലവ‍്യജ്ഞനങ്ങൾ ഉൾപ്പടെയുള്ളവയാണിത്.
ഗുണ്ടൽപേട്ട്, മൈസൂർ, ബെംഗളൂരു, ഒട്ടംഛത്രം, ചെഞ്ചേരിമല, മേട്ടുപ്പാളയം, ഊട്ടി, വേലത്താവളം തുടങ്ങിയ മാർക്കറ്റുകളിൽ നിന്നുള്ള പച്ചക്കറികളാണ് നാട്ടുകാണി ചുരം വഴി മലപ്പുറം ജില്ലയിലെത്തുന്നത്. ഇതിൽ കൂടുതലും ഗുണ്ടൽപേട്ട് മാർക്കറ്റിൽ നിന്നുള്ളതാണ്. ഇവിടങ്ങളിലെ മാർക്കറ്റുകളിൽ പച്ചക്കറികൾ സുലഭമായുണ്ടെങ്കിലും ജില്ലയിൽ ആവശ‍്യക്കാര്‍ കുറഞ്ഞതാണ് ഇറക്കുമതിയിൽ കുറവുവരുവാൻ കാരണമെന്ന് വ‍്യാപാരികൾ പറയുന്നു. ട്രിപ്പിൾ ലോക് ഡൗൺ വന്നതോടെ ഉൾനാടുകളിലെ ചെറിയ പച്ചക്കറി വിൽപ്പന കടകളിലേക്ക് നാമമാത്രമായാണ് കൊണ്ടുപോകുന്നതെന്ന് ടൗൺ കേന്ദ്രീകരിച്ചുള്ള മൊത്തവിതരണക്കാരും വ്യക്തമാക്കുന്നു.
Also Read:മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കുമെന്ന് എ ഡി ജി പി
യാത്രാനിയന്ത്രണം കർശനമായതോടെ ടൗണുകളിലെത്തി പച്ചക്കറി വാങ്ങുന്നവരുടെ എണ്ണത്തിലും കുറവുവന്നു. ചില്ലറ വിൽപ്പന പകുതിയിലധികം ഇടിഞ്ഞെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കൂടാതെ ലോക്ക് ഡൗൺ കാരണം തെരുവോരത്തെ ചെറിയ പച്ചക്കറി വിൽപ്പന സ്റ്റാളുകളും അടച്ചിട്ടതോടെ വിൽപ്പന കുറഞ്ഞു. റോഡരികുകല്‍ നിരവധി കടകളുണ്ടായിരുന്നു. ഇവരിൽ കുറച്ചുപേർ മാത്രമാണ് ഇതരസംസ്ഥാനത്തെത്തി നേരിട്ട് പച്ചക്കറി വാങ്ങുന്നവർ. മറ്റുള്ളവർ ജില്ലയിലെ മൊത്തവിതരണ കേന്ദ്രങ്ങളിൽ നിന്നാണ് വാങ്ങാറുള്ളത്. എന്നാല്‍ ഇവിടങ്ങളില്‍ പച്ചക്കറികൾ കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. എളുപ്പം കേടുവരുന്ന വെള്ളരിവർഗ പച്ചക്കറികളുടെ ഇറക്കുമതി കച്ചവടകാർ കുറച്ചിരിക്കുകയാണ്.