മലപ്പുറം: സ്വന്തം പുരയിടം ലോകത്തിലെ വിവിധയിനം പഴവർഗങ്ങളുടെ കേന്ദ്രമാക്കി മാറ്റി കുറ്റിപ്പുറം പേരശ്ശനൂർ സ്വദേശി കാസിം കോയ. ചെറുപ്പത്തിൽ കാർഷികവൃത്തിയിൽ വളരെയധികം താൽപ്പര്യമുണ്ടായിരുന്ന കാസിം പച്ചക്കറി കൃഷി ചെയ്യുമായിരുന്നു.
തുടർന്ന് കാസിം വിദേശത്തേക്ക് പോയെങ്കിലും കൃഷിയോടുള്ള അഭിനിവേശം കളഞ്ഞില്ല. കൃഷിയോടുള്ള അഭിനിവേശമാണ് വിദേശത്തുനിന്ന് കണ്ട ഫലങ്ങൾ നാട്ടിൽ കൃഷി ചെയ്യാൻ പ്രേരണയായത്. ഇന്ന് ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നുള്ള മുന്നൂറോളം ഫലവൃക്ഷങ്ങൾ കാസിമിന്‍റെ കൃഷിത്തോട്ടത്തിലുണ്ട്.
കാസിമിന്‍റെ പുരയിടത്തിലെ ഫലവൃക്ഷങ്ങളിൽ പ്രധാനപ്പെട്ടതാണ് ആമസോൺ മഴക്കാടുകളിൽ കാണുന്ന റെയിൻ ഫോറസ്റ്റ് പ്ലം. ഏത് കാലാവസ്ഥയിലും റെയിൻ ഫോറസ്റ്റ് പ്ലം വളരുമെന്ന് കാസിം പറയുന്നു. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ ജൈവ രീതിയിലാണ് കാസിം തന്‍റെ കൃഷികളെ പരിപാലിക്കുന്നത്. കൃഷിയിൽ താല്പര്യം ഉണ്ടെങ്കിൽ നാട്ടിൽ ലഭ്യമല്ലാത്ത ധാരാളം വിദേശ പഴവർഗങ്ങൾ നാട്ടിൽ കൃഷി ചെയ്യാൻ സാധിക്കുമെന്ന് കാസിം പറയുന്നു.
Also Read: കഥയുടെ കിരീടമണിഞ്ഞ ലോഹിയുടെ ഓർമകളിൽ
ചെറി ഓഫ് റെയോഗ്രന്‍റ, ഗ്രോമിക്സ് ആമ, അബിയു, ബോളീനിയ, മിൽക്ക് ഫ്രൂട്ട്, ടുക്കു, ലാൻഡ് സാറ്റ്, കൊക്കോ പ്ലം, ഡ്രാഗൺ ഫ്രൂട്ട്, വനില ടെന്നീസ് പോൾ ചെറി, മനില ചെറി (ഫിലിപ്പിനെസ്സ്), ഡ്രാഗൺ ഫ്രൂട്ട് (തായ്‌ലൻഡ്) എന്നിവയും കാസിമിന്‍റെ കൃഷിയിടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.