മലപ്പുറം: സിപിഎമ്മില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതികാര നടപടി നേരിടുന്ന പാർട്ടി മുസ്ലീം ലീഗാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. എംഎല്‍എമാർ ചെയ്‌തുവെന്ന് ആരോപിക്കുന്ന കുറ്റത്തേക്കാൾ വലിയ പീഡനമാണ് അവർ ഏറ്റുവാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗും സിപിഎമ്മും തമ്മില്‍ രഹസ്യ ബന്ധമുണ്ടെന്ന ബിജെപി ആരോപണത്തോട് പ്രതികരിക്കവെയാണ് കുഞ്ഞാലിക്കുട്ടി തുറന്നടിച്ചത്.
തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ സോളാർ കേസ് ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നവരുടെ കൈപൊള്ളുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സോളാർ കേസില്‍ ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് അന്നേ ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഹൈദരാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് ഒവൈസിയുടെ പാർട്ടിയെ പിന്തുണയ്‌ക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒവൈസിയുടെ സാന്നിധ്യം പല സംസ്ഥാനങ്ങളിലും ബിജെപിക്ക് സഹായകരമായിട്ടുണ്ടെന്നാണ് മുസ്ലീം ലീഗിന്‍റെ വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി.