മലപ്പുറം : കൊണ്ടോട്ടിയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ പൗരാവലി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ആയിഷ റെനക്ക് നേരെ സിപിഎം -ഡിവൈഎഫ്ഐ പ്രതിഷേധം. ഹർത്താലിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാക്കളെ വിട്ടയക്കണമെന്ന് ആയിഷ റെന പറഞ്ഞതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കൊണ്ടോട്ടിയിൽ പൗരാവലി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ആയിഷ റെന പങ്കെടുത്തത്.
പൗരത്വ പ്രതിഷേധങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സംഘടിപ്പിച്ച ഹർത്താലിനിടെ പിണറായി പൊലീസ് അറസ്റ്റ് ചെയ്‌ത് ജയിലിലടച്ച യുവാക്കളെ വിട്ടയക്കണമെന്ന് വേദിയിൽ പറഞ്ഞതാണ് വിവാദമായി മാറിയത്. പ്രസംഗത്തിനുശേഷം ആയിഷ റെനക്ക് നേരെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
എന്നാൽ തന്‍റെ അഭിപ്രായ പ്രകടനത്തിന്‍റെ പേരിൽ കൂട്ടായ്മക്ക് ഭംഗം വരരുതെന്ന് ആയിഷ റെന വിശദീകരിച്ചെങ്കിലും സിപിഎം പ്രവർത്തകർ ബഹളം തുടർന്നു. സോഷ്യൽ മീഡിയയിൽ അടക്കം ഈ വിഷയം ചർച്ചയായി മാറി.