മലപ്പുറം: മലപ്പുറത്ത് രണ്ട് സ്കൂളിലായി 273 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരി, വന്നേരി ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാറഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 148 വിദ്യാർഥികൾക്കും 39 അധ്യാപകർക്കുമാണ് പോസിറ്റീവായത്. പെരുമ്പടപ്പ് വന്നേരി എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിൽ 53 വിദ്യാർഥികൾക്കും 33 അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചു.
പത്താം ക്ലാസ് വിദ്യാർഥികളാണ് കൊവിഡ് പോസിറ്റീവായവരെല്ലാം.ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നും സ്കൂളുകൾ അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. രണ്ടു സ്കൂളുകളിലും കഴിഞ്ഞ 25 മുതൽ പത്താം ക്ലാസുകാർക്കുള്ള അധ്യയനം തുടങ്ങിയിരുന്നു.
മാറഞ്ചേരി സ്കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സമ്പർക്കമുള്ള മറ്റു കുട്ടികളെയും അധ്യാപകരെയും കഴിഞ്ഞ വെള്ളിയാഴ്ച ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഫലം വന്നപ്പോഴാണ് ഇത്രയും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.