മലപ്പുറം : ഓണ്‍ലൈന്‍ ചൂതാട്ടത്തിന്‍റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ദമ്പതികൾ അറസ്റ്റിൽ. പൊന്‍മള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ്, ഭാര്യ വളാഞ്ചേരി മാവണ്ടിയൂര്‍ സ്വദേശിനി പട്ടന്‍മാര്‍തൊടിക റംലത്ത് എന്നിവരാണ് പിടിയിലായത്. മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിപ്രകാരമാണ് മങ്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്‌തത്.
ഗോവയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ച് വന്‍ ലാഭമുണ്ടാക്കാമെന്ന് വാഗ്‌ദാനം നൽകി വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ആളുകളെ ചേർത്താണ് ദമ്പതികൾ തട്ടിപ്പ് നടത്തിയിരുന്നത്. പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ ഇരട്ടിയോളം ലാഭ വിഹിതം ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇവർ പണം തട്ടിയിരുന്നത്.
ഇത്തരത്തിൽ പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരിയായ വടക്കാങ്ങര സ്വദേശിനിയിൽ നിന്ന് പലപ്പോഴായി അഞ്ച് ലക്ഷം രൂപ ഇവർ തട്ടിയെടുത്തിരുന്നു. തുടർന്ന് തട്ടിപ്പിനിരയായ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ദമ്പതികൾ ഇത്തരത്തിൽ നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് കണ്ടെത്തി.
മുഹമ്മദ് റാഷിദും ഭാര്യാസഹോദരനും ഹാക്കിംഗ് വിദഗ്‌ധനായ റാഷിദും കൂടിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. യൂട്യൂബ് ട്രേഡിങ് വീഡിയോകള്‍ വഴി തങ്ങളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്കുകള്‍ അയക്കുകയും അതുവഴി നിരവധിയാളുകളെ വാട്‌സ്ആപ്പ് കൂട്ടായ്‌മയില്‍ ചേര്‍ക്കുകയും ചെയ്‌തു.
തുടർന്ന് ഇവരിൽ നിന്ന് പണം കൈപ്പറ്റിയ ശേഷം ആദ്യം കുറച്ച് പണം ലാഭ വിഹിതമെന്ന പേരിൽ അയച്ചുകൊടുത്ത് കൂടുതൽ വിശ്വാസം നേടിയെടുക്കുകയും പിന്നീട് കൂടുതൽ പണം ആവശ്യപ്പെടുകയുമായിരുന്നു. കേസിൽ മുഹമ്മദ് റാഷിദിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
അതേസമയം ഇത്തരത്തില്‍ തട്ടിപ്പിനിരയായ നിരവധി പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നുണ്ടെന്നും വന്‍ ലാഭം പ്രതീക്ഷിച്ച് നിക്ഷേപം നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാര്‍, എസ്.ഐ സി.കെ നൗഷാദ് എന്നിവര്‍ അറിയിച്ചു