മലപ്പുറം: കുറ്റിപ്പുറം ചൂണ്ടൽ സംസ്ഥാനപാതയിലെ എടപ്പാൾ മേൽപ്പാലത്തിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുന്നു. ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കേണ്ട നിർമാണ ജോലികൾ എട്ട് മാസം പിന്നിട്ടിട്ടും എങ്ങുമെത്തിയിട്ടില്ല. നിർമാണം മന്ദഗതിയിലായതോടെ പല വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. 2019 മെയ് മാസത്തിലാണ് എടപ്പാൾ മേൽപ്പാലത്തിന്റെ നിർമാണം ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ നിർമാണ ജോലികൾ ദ്രുതഗതിയിൽ നടന്നെങ്കിലും പിന്നീട് മന്ദഗതിയിലാകുകയായിരുന്നു. ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതും യന്ത്രങ്ങൾ തുടർച്ചയായി തകരാറിലായതുമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗത കുറച്ചത്. പൊടി ശല്യം രൂക്ഷമായതോടെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. 300 മീറ്ററിൽ താഴെ മാത്രം നീളമുള്ള പാലത്തിന്‍റെ നിർമാണ പ്രവൃത്തികൾ ഇതിനകം 20 ശതമാനം മാത്രമാണ് പൂർത്തിയായത്. പല ദിവസങ്ങളിലും അഞ്ചിൽ താഴെ തൊഴിലാളികൾ മാത്രമാണ് നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.
കഴിഞ്ഞ എട്ട് മാസമായി എടപ്പാൾ ജങ്ഷനിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം സംസ്ഥാന പാതയിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട് മൂലം കച്ചവട സ്ഥാപനങ്ങളിലേക്ക് ആളുകൾ എത്തുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. നിർമാണ ജോലികൾ വേഗത്തിൽ പൂർത്തീകരിച്ചില്ലെങ്കിൽ എടപ്പാളിലെ വ്യാപാരികളും ഇതുവഴിയുള്ള യാത്രക്കാരും ദുരിതത്തിലാകുന്ന സാഹചര്യമാണുള്ളത്.