മലപ്പുറം: മാർക്ക് ദാനവിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ തവനൂരില്‍ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. മന്ത്രിയുടെ നരിപ്പറമ്പ് ഓഫീസിന് സമീപത്താണ് പൊലീസ് മാർച്ച് തടഞ്ഞത്. പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനും ഇടയാക്കി.
ചട്ടങ്ങളും നിയമങ്ങളും മറികടന്ന് മാർക്ക് ദാനം നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ മുഖ്യമന്ത്രി വഴിവിട്ടു സംരക്ഷിക്കുകയാണെന്നും ഇ.പി ജയരാജനെ മന്ത്രിസഭയിൽ നിന്നും മാറ്റിനിർത്താൻ തയാറായ മുഖ്യമന്ത്രി കെ.ടി ജലീലിനെ മറ്റെന്തോ കാര്യത്തിൽ ഭയപ്പെടുന്നുവെന്നും മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് അഡ്വ. പ്രകാശ് ആരോപിച്ചു. അതിന്‍റെ തെളിവാണ് മുഖ്യമന്ത്രിയുടെ കുറ്റകരമായ മൗനമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രകാശ് പറഞ്ഞു.