മലപ്പുറം: സ്ഥാനാർഥി വോട്ടർക്ക് പണം നൽകിയതായി പരാതി. നിലമ്പൂർ നഗരസഭയിലെ ഇരുപത്തി ഏഴാം ഡിവിഷനായ പട്ടരാക്കിൽ യു.ഡി.എഫ് സ്ഥാനാർഥി മരുന്നൻ ഫിറോസാണ് വോട്ടർമാർക്ക് പണം നൽകിയത്. പുത്തൻപുരയിൽ ശകുന്തള, ഭർത്താവ് പൊന്നു, മകൾ എന്നിവർക്കായി 1500 രൂപയാണ് സ്ഥാനാർഥി നൽകിയത്.
വോട്ട് ചെയ്യാൻ വണ്ടി വിട്ടു നൽകാമെന്നും അറിയിച്ചു. വെള്ളിയാഴ്ച്ച രാത്രി 7.30 ഓടെയാണ് സ്ഥാനാർത്ഥി പണവുമായി എത്തിയത് ശകുന്തള പറഞ്ഞു. തനിക്കും ഭാര്യക്കും മകൾക്കും,500 രൂപ വീതം 1500 രൂപ തന്നെന്നും വേണ്ടന്ന് പറഞ്ഞപ്പോൾ ബലമായി കൈയിൽ വെച്ച് പോകുകയായിരുന്നെന്നും പൊന്നു പറഞ്ഞു. സമീപത്തെ പത്തിലേറെ വീടുകളിൽ വെള്ളിയാഴ്ച്ച ഫിറോസ് വോട്ടിന് വേണ്ടി പണം നൽകിയെന്ന് സമീപവാസിയും വാർഡിലെ വോട്ടറുമായ ഉണ്ണിയും പറഞ്ഞു.