മലപ്പുറം: കോട്ടക്കലില്‍ കൊവിഡ് വാക്സിൻ എടുക്കുന്നതിന് പണം ആവശ്യപ്പെട്ടത് ചോദ്യം ചെയ്ത ഇതരസംസ്ഥാന തൊഴിലാളിയെ ആർ.ആർ.ടി അംഗം മർദ്ദിച്ചതായി പരാതി. കോട്ടക്കൽ നഗരസഭയിലെ സി.എച്ച് ഓഡിറ്റോറിയത്തിൽ ബുധനാഴ്ചയാണ് സംഭവം.
ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചെന്നാരോപിച്ച് ആർ.ആർ.ടി അംഗം ഫോൺ പിടിച്ചു വാങ്ങി. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഫോൺ പരിശോധിച്ച് ദൃശ്യങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഫോൺ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു എന്നാണ് ആരോപണം.
Also Read: ബൈക്കിൽ നിന്ന് 20 ലക്ഷത്തിന്‍റെ സ്വർണം കവര്‍ന്ന സംഭവം ; പ്രതികള്‍ പിടിയിൽ
ആദ്യ ഡോസ് വാക്സിൻ എടുക്കാനെത്തിയ കൊൽക്കത്ത സ്വദേശി എസ്.കെ. മാഫിജുലിനാണ് മർദനമേറ്റത്. കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെയായിരുന്നു യുവാവ് കേന്ദ്രത്തിലെത്തിയത്. ഇവിടെ ഉണ്ടായിരുന്ന ആർ.ആർ.ടി അംഗ ത്തിനോട് കാര്യങ്ങൾ പറഞ്ഞു. എന്നാൽ, ചായയും പലഹാരവും അല്ലെങ്കിൽ പണവും വേണമെന്ന് ആർ.ആർ.ടി അംഗം ആവശ്യപ്പെട്ടതായും യുവാവ് പറയുന്നു.
ചോദ്യം ചെയ്തതോടെ തർക്കമായി. പിന്നീട് വീട്ടിലേക്ക് പോയ യുവാവ് രക്ഷിതാക്കൾക്കൊപ്പം തിരിച്ചെത്തി. സർക്കാർ സൗജന്യമായി നൽകേണ്ട വാക്സിന് പാരിതോഷികങ്ങൾ ചോദിച്ചത് കുടുംബവും ചോദ്യം ചെയ്തു. ഇതിനിടയിൽ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
വർഷങ്ങളായി കോട്ടക്കലിൽ താമസിക്കുന്ന ഇയാള്‍ പച്ചമരുന്ന് തയാറാക്കുന്ന ജോലിയാണ് ചെയ്യുന്നത്. സംഭവത്തിൽ യുവാവ് കോട്ടക്കൽ പൊലീസിൽ പരാതി നൽകി. എന്നാൽ, വാക്സിൻ ക്യാമ്പിന്റെ പ്രവർത്തനം തടസപ്പെടുത്തിയെന്ന് കാണിച്ച് ആരോഗ്യ പ്രവർത്തകനും കോട്ടക്കൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.