മലപ്പുറം: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി കോളജ് ക്യാമ്പസിൽ കൂൺ കൃഷി നടത്തി വിദ്യാര്‍ഥികൾ. മലപ്പുറം ഗവൺമെന്‍റ് കോളജിലെ എൻഎസ്എസ് വിദ്യാർഥികളാണ് നൂതന കൃഷിയുമായി രംഗത്തെത്തിയത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വിദ്യാർഥികൾ നടപ്പിലാക്കിവരുന്ന 'ഷെയർ എ മീൽസ്' പദ്ധതിക്ക് ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികൾ കൂൺ കൃഷി ആരംഭിച്ചത്.
പഠനത്തോടൊപ്പം കൂൺ കൃഷിയിൽ നൂറുമേനി വിളവെടുക്കുകയാണ് വിദ്യാർഥികൾ. എൻഎസ്എസ് വളണ്ടിയർമാരായ 100 വിദ്യാർഥികൾ ചേര്‍ന്ന് അമ്പതിനായിരം രൂപ മുതൽമുടക്കിലാണ് കൂൺകൃഷി നടത്തിവരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളില്‍ കൃഷിയോടുള്ള താല്‍പ്പര്യം വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് അധ്യാപകര്‍ പറയുന്നു.
ശാസ്ത്രീയമായ നിർമിച്ച കൂൺ പുരയിൽ 250 ബഡുകൾ ഒരുക്കിയാണ് കൃഷി ചെയ്യുന്നത്. താപനില നിയന്ത്രിക്കുന്നതിനായി ഫോഗ് പൈപ്പുകളും ഫിറ്റ് ചെയ്തിട്ടുണ്ട്. കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് കോളജ് ക്യാമ്പസിൽ കൂൺ കൃഷി ഒരുക്കിയിട്ടുള്ളത്. മികച്ച വരുമാനം ഉണ്ടാക്കാനാകും എന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർഥികളും.