മലപ്പുറം: മലപ്പുറം ജില്ലയിലെ ഉയർന്ന ടെസ്റ്റ് പോസിറ്റീവ് നിരക്കിന്‍റെ അടിസ്ഥാനത്തിൽ വാക്സിൻ ലഭ്യത വർധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ. വാക്സിനേഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി നഗരസഭ ചെയർമാൻ മുജീബ് കാടേരിയുടെ നേതൃത്വത്തിൽ എത്തിയ പ്രതിനിധി സംഘത്തോടാണ് ജില്ല കലക്ടർ ഉറപ്പുനൽകിയത്.
സ്പോട്ട് രജിസ്ട്രേഷൻ നിർത്തലാക്കുക വഴി പ്രാദേശികമായി ജനങ്ങൾക്കുണ്ടായിരുന്ന വാക്സിനേഷൻ സൗകര്യം ഇല്ലാതായത് പ്രതിനിധി സംഘം കലക്ടറോട് ചൂണ്ടിക്കാട്ടി. സ്പോട്ട് രജിസ്ട്രേഷൻ ഉടൻ പുനരാരംഭിക്കുമെന്നും, വാക്സിനേഷൻ ക്യാമ്പുകളിൽ ഒരേ സമയം ആളുകൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് നഗരസഭയുടെ ഭാഗത്തു നിന്നും സഹകരണം ഉണ്ടാവണമെന്നും കലക്ടർ അഭ്യർഥിച്ചു.
ALSO READ: ന്യൂനപക്ഷ ക്ഷേമ പദ്ധതി; ഹൈക്കോടതി വിധി പഠിച്ച ശേഷം നിലപാടെന്ന് മുഖ്യമന്ത്രി
നഗരസഭ പ്രദേശത്തെ വാർഡുകൾ കേന്ദ്രീകരിച്ച് ഒന്നാംഘട്ട വാക്സിനേഷൻ ക്യാമ്പുകൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞ അപൂർവം നഗരസഭകളിലൊന്നാണ് മലപ്പുറം. മലപ്പുറത്ത് വാർഡുകൾ കേന്ദ്രീകരിച്ച് നടത്തിയ ഒന്നാം ഘട്ട ക്യാമ്പൈനിൽ ആയിരക്കണക്കിന് ആളുകൾക്ക് വാക്സിനേഷൻ നൽകി. ഇതിന് പുറമേ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് ദിനംപ്രതി നൂറുകണക്കിന് ആളുകൾക്ക് വാക്സിൻ നൽകാൻ കഴിഞ്ഞു. പ്രതിനിധി സംഘത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ ഹക്കീം, സിദ്ദീഖ് നൂറേങ്ങൽ, നഗരസഭാ കൗൺസിലർമാരായ സജീർ കളപ്പാടൻ, ശിഹാബ് മൊടയങ്ങാടൻ എന്നിവർ സന്നിഹിതരായിരുന്നു.