മലപ്പുറം: കവളപ്പാറയിലെ പ്രളയബാധിതരുടെ പുനരധിവാസത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടല്‍. കഴിഞ്ഞ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട പോത്തുകൽ പഞ്ചായത്തിലെ കുടുംബങ്ങളുടെ പുനരധിവാസം വേഗത്തിൽ യഥാർത്ഥ്യമാക്കുന്നതിനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
ജനുവരി 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സ്‌പീക്കറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രി കെ.ടി.ജലീൽ, പി.വി.അൻവർ എംഎൽഎ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വേണു തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ദുരന്തനിവാരണ സേന കവളപ്പാറയിലെ 67 പ്രളയബാധിത കുടുംബങ്ങൾക്കായി ഒമ്പത് ഏക്കർ സ്ഥലം കണ്ടെത്തിയത് സംസ്ഥാന ദുരന്തനിവാരണ സമിതി ചെയർമാനായ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് യോഗത്തിൽ അറിയിച്ചു. തുടർന്ന് പി.വി.അബ്ദുൾ വഹാബ് എംപിയെ കൂടി പങ്കെടുപ്പിച്ച് 30ന് വീണ്ടും യോഗം ചേർന്നു. മുഖ്യമന്ത്രിക്ക് പങ്കെടുക്കാൻ സാധിക്കാതിരുന്നതിനാൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ, പ്രൈവറ്റ് സെക്രട്ടറി ആർ.മോഹൻ എന്നിവരാണ് പങ്കെടുത്തത്. പ്രളയബാധിതർക്ക് ഭൂമി വാങ്ങുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കണമെന്നും സുതാര്യമായിരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ഇതേ തുടർന്നാണ് വ്യക്തമായ മാനദണ്ഡങ്ങളടങ്ങിയ പുതിയ വിജ്ഞാപനം ഇറക്കിയത്. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെടുകയും വീടുകൾ വാസയോഗ്യമല്ലാതാകുകയും ചെയ്‌ത കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ എട്ട് മുതൽ 10 ഏക്കർ വരെ സ്ഥലം ആവശ്യമാണ്. പോത്തുകൽ പഞ്ചായത്തിലോ പഞ്ചായത്തിനോട് ചേർന്ന രണ്ട് കിലോമീറ്റർ ചുറ്റളവിലോ സമീപത്തെ പഞ്ചായത്തുകളിലോ സ്ഥലം കണ്ടെത്താം. റോഡ്, വൈദ്യുതി, കുടിവെള്ളം എന്നിവയുള്ളതും യാതൊരു വിധ നിയമക്കുരുക്കുകളിൽ ഉൾപ്പെടാത്തതും ബാധ്യതകൾ ഇല്ലാത്തതുമായതും സ്ഥലമായിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
ഭൂമി തെരഞ്ഞെടുക്കുന്നതിനും ഗുണനിലവാരം പരിശോധിക്കുന്നതിനും ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകൾ പരിഗണിക്കുന്നതിനും ജില്ലാതല പർച്ചേസ് കമ്മിറ്റിക്ക് പൂർണ അധികാരമുണ്ടായിരിക്കും. പി.വി.അൻവർ എംഎൽഎ, പി.വി.അബ്ദുൾ വഹാബ് എംപി എന്നിവരുമായി ആശയവിനിമയം നടത്തി, സുതാര്യമായി കാര്യങ്ങൾ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നല്‍കി. കവളപ്പാറയിലെ കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പി.വി.അൻവർ എംഎൽഎയും കലക്‌ടർ ജാഫർ മാലിക്കും തമ്മിലുള്ള പ്രശ്‌നത്തിലും മുഖ്യമന്ത്രി നേരിട്ടുള്ള ഇടപെടല്‍ നടത്തി.