മലപ്പുറം: 'ക്ലീൻ ചാലിയാർ പദ്ധതി' വിജയകരമെന്ന് ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി.ഉസ്മാൻ. ഹരിതസേനാ അംഗങ്ങൾ ഒരു വീട്ടിൽ നിന്നും 50 രൂപ യൂസർ ഫീയായി വാങ്ങിയാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്. വാടക കൊടുക്കുന്ന സ്ഥലത്ത്‌വെച്ച് മാലിന്യങ്ങൾ വേർതിരിച്ച് പുനരുപയോഗത്തിനുള്ളത് ആവശ്യമുള്ളവർക്ക് നൽകുന്നു. ബാക്കി വരുന്നവ മാലിന്യങ്ങൾ കോഴിക്കോട് കേന്ദ്രമായുള്ള സ്വകാര്യ കമ്പനിക്ക് കിലോഗ്രാമിന് ഏഴ് രൂപ നിരക്കിൽ നൽകും. ജില്ലയിൽ മികച്ച രീതിയിലാണ് ഈ സംവിധാനം നിലനിൽക്കുന്നതെന്നും ഈ ഭരണ സമിതിയുടെ കാലത്ത് മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ സാധിച്ചതിലും പ്രസിഡന്‍റ് സംതൃപ്തി രേഖപ്പെടുത്തി.
സ്വന്തം സ്ഥലം കണ്ടെത്തി മാലിന്യ സംസ്കരണ സംവിധാനം കൊണ്ടുവരാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ വരുമാനം മാത്രം ലഭിക്കുപ്പോഴും അർപ്പണബോധതോടെ ജോലി ചെയുന്ന ഹരിതസേനാംഗങ്ങളുടെ വിജയം കൂടിയാണ് 'ക്ലീൻ ചാലിയാർ പദ്ധതി'യെ മാതൃകാ പദ്ധതിയാക്കി മാറ്റിയതെന്നു പി.ടി.ഉസ്മാൻ കൂട്ടിച്ചേർത്തു.