മലപ്പുറം: രാജ്യത്തെ മികച്ച ആരോഗ്യ സ്ഥാപനങ്ങളുടെ പട്ടികയില്‍ ചോക്കാട് കുടുംബാരോഗ്യകേന്ദ്രം രണ്ടാം സ്ഥാനത്ത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന നാഷണൽ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) പരിശോധനയിലാണ് ചോക്കാട് കുടുംബാരോഗ്യകേന്ദ്രം 98 ശതമാനം മാര്‍ക്ക് നേടിയത്. ഇതോടെ ജില്ലയില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കി.
2019 ഫ്രെബ്രുവരി 28, 29 ദിവസങ്ങളിൽ കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ രണ്ടംഗ സംഘം ആശുപത്രിയില്‍ നടത്തിയ വിശദ പരിശോധനയെ തുടര്‍ന്നാണ് അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയതലത്തിലുമായി നടത്തിയ വിവിധ മൂല്യനിര്‍ണയങ്ങളിലൂടെയാണ് ആശുപത്രികളെ എൻ.ക്യൂ.എ.എസ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളുടെ സേവന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് നാഷണല്‍ ക്വാളിറ്റി അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ്.
സാധാരണക്കാരായ രോഗികള്‍ക്ക് മികച്ച നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കാൻ ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സാധിച്ചു. ഇതോടെപ്പം ഈ പ്രദേശത്തെ ആദിവാസി ജനതയക്കും മികച്ച ചികിത്സ ലഭ്യമാകുന്നു. ട്രൈബൽ ഡിസ്‌പെന്‍സറിയായി തുടങ്ങിയ ആരോഗ്യകേന്ദ്രത്തെ പിഎച്ച്‌സിയായി ഉയര്‍ത്തുകയും പിന്നീട് കേരള സര്‍ക്കാരിന്‍റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുകയുമായിരുന്നു.