മലപ്പുറം: പെരിന്തൽമണ്ണ-വളാഞ്ചേരി സംസ്ഥാന പാതയിൽ കോഴിമാലിന്യങ്ങൾ നിക്ഷേപിക്കുന്നത് നാട്ടുകാരെയും യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. പെരിന്തൽമണ്ണയിലെ മലാപ്പറമ്പിൽ ചത്ത കോഴികളും കോഴിയുടെ അവശിഷ്‌ടങ്ങളും കൊണ്ടുതള്ളുന്നത് പതിവായിരിക്കുകയാണ്. ദിവസവും നൂറു കണക്കിന് യാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന മലാപ്പറമ്പ് മെഡിക്കൽ കോളജിന് സമീപത്തുള്ള റോഡിൽ നിന്നും സദാ സമയവും ദുർഗന്ധം വമിക്കുകയാണ്. മെഡിക്കല്‍ കോളജിലേക്ക് എത്തുന്ന രോഗികളും യാത്ര ചെയ്യുന്നത് ഇതുവഴിയാണ്. സ്‌കൂളുകൾ, കോളജുകൾ, ആശുപത്രികൾ തുടങ്ങി അനേകം സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിപ്പോൾ കാൽനടയാത്ര പോലും പ്രയാസകരമാകുകയാണ്. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്.
മാലിന്യനിക്ഷേപത്തിനെതിരെ പ്രദേശവാസികള്‍ നിരവധി തവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. മതിയായ മാലിന്യ നിർമ്മാർജ്ജന സംവിധാനം ഉറപ്പുവരുത്താതെ കടകൾക്ക് ലൈസൻസ് അനുവദിക്കുന്നതാണ് ഇത്തരം നടപടികള്‍ക്ക് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കടകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നവർ ശരിയായ രീതിയിൽ സംസ്‌കരിക്കാത്തതും പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി എടുക്കാത്തതുമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും നാട്ടുകാർ പറയുന്നു.