മലപ്പുറം: ചെമ്പൻകൊല്ലി, മലച്ചി എന്നിവിടങ്ങളില്‍ നിർമ്മിക്കുന്ന വീടുകൾ വേണ്ടെന്ന് ചളിക്കൽ കോളനിക്കാർ. തീരുമാനമറിയിക്കാൻ കോളനി മൂപ്പൻ വെളുത്ത വെള്ളനും, പ്രമോട്ടർ ചന്ദ്രനും എം.എൽ.എ പി.വി അൻവറിന്‍റെ ഓഫീസിലെത്തി. സ്ത്രീകൾ ഉൾപ്പെടെ 30 പേരാണ് നിലമ്പൂരിലെ എം.എൽ.എ ഓഫീസിൽ എത്തിയത്. ഫെഡറൽ ബാങ്കിന്റെ സഹായത്തോടെ എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി മലച്ചി കോളനിയിൽ നിര്‍മിക്കുന്ന വീടുകളാണ് കോളനിക്കാര്‍ വേണ്ടെന്ന് വയ്ക്കുന്നത്.
പോത്തുകൽ പഞ്ചായത്ത് വിട്ട് പുറത്തു പോകില്ലെന്നും കോളനിക്കാരുടെ അഭിപ്രായം ചോദിക്കാതെയാണ് വീടുകളുടെ നിര്‍മാണം ആരംഭിച്ചതെന്നും ചളിക്കല്‍ കോളനിക്കാര്‍ അറിയിച്ചു. വിഷയത്തെ കുറിച്ച് സംസാരിക്കാൻ കലക്ടര്‍ പോലും എത്തിയില്ലെന്നും അവര്‍ ആരോപണം ഉന്നയിച്ചു. എം.എൽഎയുടെ നേതൃത്തിൽ ചളിക്കൽ കോളനിക്ക് സമീപമുള്ള കാനക്കുത്ത്, പാറക്കൽ എന്നിവിടങ്ങളിലാണ് കോളനിക്കാര്‍ക്കായി സ്ഥലം കണ്ടെത്തിയത്. പാറക്കലാണ് കോളനി ശ്മാശനം സ്ഥിതി ചെയ്യുന്നതെന്നും അതിനാൽ മറ്റൊരു പഞ്ചായത്തിലേക്ക് പോകാൻ കഴിയില്ലെന്നും മൂപ്പൻ പറഞ്ഞു. കവളപ്പാറ കോളനി കുടുബങ്ങൾക്ക് ചെമ്പൻകൊല്ലി , ,മലച്ചി എന്നിവിടങ്ങളില്‍ നിർമ്മിക്കുന്ന വീടുകൾ നൽകുന്നതിൽ എതിർപ്പില്ലെന്നും ഊരുകൂട്ടം ചേർന്ന് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ പട്ടികവർഗ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് തങ്ങളുടെ ആവശ്യം പറയാൻ അവസരം ഒരുക്കി കൊടുക്കണമെന്നാവശ്യപ്പെട്ടാണ് കോളനി മൂപ്പൻ ഉൾപ്പെടെയുള്ളവര്‍ തന്നെ കാണാൻ വന്നതെന്ന് എം.എല്‍.എ പി.വി അന്‍വര്‍ പറഞ്ഞു. കോളനിക്ക് സമീപമുള്ള വനമേഖലയിൽ നിന്നും കാട്ടു വിഭവങ്ങളും, ചാലിയാർ പുഴയുടെ തീരത്തു നിന്നും സ്വർണ്ണ തരികൾ അരിച്ചുമാണ് തങ്ങൾ ജീവിക്കുന്നതെന്നും അതിനാൽ കോളനി വിടാൻ തയ്യാറല്ലെന്നുമാണ് അവർ പറയുന്നതെന്നും എം.എൽ.എ കൂട്ടിച്ചേര്‍ത്തു.