മലപ്പുറം: വനഭൂമിയിലെ എടവണ്ണ ഗ്രാമപഞ്ചായത്തിന്‍റെ അനധികൃത നിർമാണ പ്രവർത്തനത്തിനെതിരെ വനംവകുപ്പ് കേസെടുത്തു. നിലമ്പൂർ - എടവണ്ണ ഗ്രാമ പഞ്ചായത്ത് മാലങ്ങാട് ഗ്രൗണ്ടിനോട് ചേർന്ന വനഭൂമിയിലാണ് കയ്യേറ്റ ആരോപണം. സംഭവത്തിൽ വനംവകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി കേസെടുത്തിട്ടുണ്ടെന്ന് എടവണ്ണ ഫോറസ്റ്റ് റേഞ്ച് ഓഫീസർ റമീസ് തറമ്മൽ പറഞ്ഞു. ആലങ്ങാടൻ മലവാരത്തിൽ വരുന്ന പതിച്ചു കൊടുക്കാൻ നൽകിയിരുന്ന വന ഭൂമിക്കാണ് മെമ്മോ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഗ്രാമപഞ്ചായത്തിന്‍റെ ആസ്‌തി രജിസ്റ്ററിലുള്ള ഭൂമിയിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങൾക്ക് തങ്ങളോട് ചോദിക്കാതെയാണ് വനംവകുപ്പ് സ്റ്റോപ് മെമ്മോ നൽകുകയും സെക്രട്ടറി ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസെടുത്തതെന്നും എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എ. അഭിലാഷ് പ്രതികരിച്ചു.
എടവണ്ണ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, കരാറുകാരൻ എന്നിവരെ പ്രതികളാക്കി കേരള വന നിയമം, കൺസർവേഷൻ ആക്‌ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. എടക്കോട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫീസർ എ. നാരായണൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എൻ. പി. സുനിൽ ബാബു, എസ്. അരുൺ ദേവ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി.പി. ദിലീപ്, അബ്‌ദുൾ മുനീർ കുട്ടശേരി ഡ്രൈവർ ഗോപകുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ALSO READ: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്