മലപ്പുറം: യുജിസി നാഷണൽ അസസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ഗ്രേഡ് ഉയർത്താനായുള്ള നടപടികൾ കാലിക്കറ്റ് സർവകലാശാലയിൽ തുടങ്ങി. ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതികൾ നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളുമായി ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സമിതിയാണ് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പള്ളിക്കൽ, തേഞ്ഞിപ്പലം, വള്ളിക്കുന്ന്, ചേലേമ്പ്ര, പെരുവള്ളൂർ പഞ്ചായത്തുകളുമായി സഹകരിച്ച് അക്കാദമിക സാമൂഹ്യ സേവന പദ്ധതികൾ നടപ്പിലാക്കും. വിദഗ്ധരുടെ നേതൃത്വത്തിൽ സർവകലാശാലാ പഠന വകുപ്പുകളുടെ അക്കാദമിക പ്രവർത്തനങ്ങളും വിലയിരുത്തും. ഊരാളുങ്കൽ ലേബർ സഹകരണ സംഘവുമായി ചേർന്ന് പദ്ധതികൾ തയ്യാറാക്കുന്നതിന് വേണ്ട സഹായങ്ങൾ നൽകാമെന്ന് ചെയർമാൻ രമേശൻ പാലേരി വ്യക്തമാക്കി. ഇതിനായി പ്രവർത്തിക്കുന്ന ഐക്യുഎസി സമിതിക്ക് യുക്തമായ കെട്ടിടം നിർമിക്കുന്നത് അടുത്ത സിൻഡിക്കേറ്റ് യോഗം പരിഗണിക്കും. ഈ സമിതിക്ക് പ്രത്യേക ബജറ്റ് അനുവദിക്കുന്നതും പരിഗണിക്കാനാണ് ധാരണ.
വിവരശേഖരണം, വിവരങ്ങളുടെ വിലയിരുത്തൽ, സാമൂഹ്യ സേവനം, സാങ്കേതിക വിദ്യയുടെ ഉപയോഗം, നൈപുണ്യവികസനം, തൊഴിലവസരം ലഭ്യമാക്കൽ തുടങ്ങിയ മേഖലകളിലെല്ലാം സഹകരിക്കാമെന്നാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ വാഗ്ദാനമെന്ന് ഐക്യു എസി ഡയറക്ടർ ഡോ. പി ശിവദാസൻ പറഞ്ഞു. പ്രൊഫ. എം. മനോഹരനെ നാക് കോർഡിനേറ്ററായും പ്രൊഫ. എബ്രഹാം ജോസഫിനെ അസി. കോർഡിനേറ്ററായും നിയമിക്കുവാനും സമിതി ശുപാർശ ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. മികച്ച നാഷണൽ ഗ്രേഡ് ലഭ്യമാകുന്നതിന് യോജിച്ചു പ്രവർത്തിക്കുന്നതിനാണ് മുന്നൊരുക്കം. 2021 സെപ്‌തംബറിലാണ് അടുത്ത ഗ്രേഡിനായി നാക് സംഘം സർവകലാശാലയിലെത്തുക.