കൊവിഡിലും പേമാരിയിലും പകച്ചു നില്‍ക്കുന്ന ഒരു ജനതയുടെ മുമ്പിലേക്കാണ് മറ്റൊരു ദുരന്തമായി കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രാവിമാനം ഇടിച്ചിറങ്ങിയത്. ടേബിള്‍ ടോപ്പ് റണ്‍വേയുടെ മുകളില്‍ നിന്നും രണ്ടായി പിളര്‍ന്ന് കൊണ്ടോട്ടി-കുന്നുപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ്ബെല്‍റ്റ് റോഡിന്‍റെ ഭാഗത്തേക്കാണ് വിമാനം വീണത്. ആദ്യ സൂചനകള്‍ തന്നെ ഒരു ദിവസത്തെ രണ്ടാമത്തെ വലിയ ദുരന്തത്തിന്‍റെ സൂചന നല്‍കി.
ക്രാഷ് ലാന്‍ഡിംഗ് ഉറപ്പിച്ചപ്പോള്‍ തന്നെ വിമാനത്താവളത്തിലെ രക്ഷാപ്രവര്‍ത്തന വിഭാഗങ്ങള്‍ സജ്ജമായിരുന്നു. അതിവേഗം അവര്‍ പ്രവര്‍ത്തനങ്ങളാരംഭിച്ചപ്പോള്‍ തൊട്ട് പിന്നാലെ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സുമെത്തി. സജ്ജമായിരിക്കാന്‍ ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ക്ഷണ നേരത്തില്‍ നിര്‍ദേശമെത്തി. അന്യ ജില്ലകളില്‍ നിന്ന് പോലും ആംബുലന്‍സുകളും ഫയര്‍ഫോഴ്സ് യൂണിറ്റുകളും വിമാനത്താവളത്തിലേക്ക് തിരിച്ചു. അധികൃതരുടെ നിര്‍ദേശം അനുസരിച്ച്, കിട്ടാവുന്ന സ്വകാര്യ വാഹനങ്ങളും സംഘടിപ്പിച്ച് നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് സ്വയം സന്നദ്ധരായി മുന്നില്‍ നിന്നു. കോരിച്ചൊരിയുന്ന മഴയിലും ആംബുലന്‍സുകള്‍ക്കും രക്ഷാ പ്രവര്‍ത്തകര്‍ക്കും വഴിയൊരുക്കി പൊലീസും സഹകരിച്ചു.
പരിക്കേറ്റവരെയെത്തിച്ച ആശുപത്രികളില്‍ സ്വയം സജ്ജരായി ഇതര സ്ഥാപനങ്ങളില്‍ നിന്ന് പോലും ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുമെത്തി. കോഴിക്കോട് ബേബി മെമ്മോറിയലില്‍ വിവരം കിട്ടുമ്പോള്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ അപ്പോള്‍ ആശുപത്രിയിലുണ്ടായിരുന്നവര്‍ ഇടിവി ഭാരതിനോട് പങ്ക് വച്ചു. ദുരന്ത മുന്നറിയിപ്പ് ലഭിച്ച് 20 മിനുറ്റിനുള്ളില്‍ പരമാവധി ആളുകളെ പ്രവേശിപ്പിക്കാന്‍ ആശുപത്രി സജ്ജമായി. ജോലി സമയം കഴിഞ്ഞ് മടങ്ങിയവരും അവധിയിലായിരുന്നവരും കനത്ത മഴ വകവയ്ക്കാതെ തിരിച്ചെത്തി. ക്ഷണനേരത്തില്‍ പിപിഇ കിറ്റും ധരിച്ച് ആദ്യ ആംബുലന്‍സ് ആശുപത്രി വളപ്പ് കടക്കും മുമ്പ് അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാവരും തയ്യാറായിക്കഴിഞ്ഞിരുന്നു.
7.45ന് വിമാനം മൂക്ക് കുത്തി രണ്ടായി പിളര്‍ന്നശേഷം ഒന്നര മണിക്കൂറ് കൊണ്ട് രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. വിമാനത്തിലുണ്ടായിരുന്ന 190 പേരെയും ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞു. നൂറിലധികം ആംബുലന്‍സുകളും സ്വകാര്യവാഹനങ്ങളും എണ്ണമില്ലാത്ത രക്ഷാപ്രവര്‍ത്തകരും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. കൊവിഡ് കാലത്തിന്‍റെ ഭയാശങ്കകള്‍ പോലും അപ്രസക്തമായ കാഴ്ചകളാണ് കോഴിക്കോട് വിമാനത്താവളത്തില്‍ കണ്ടത്.