മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിന് വേണ്ടി അശാസ്‌ത്രീയമായി ഭൂമി ഏറ്റെടുക്കല്‍ നടപടി നിർത്തി വെക്കണമെന്ന് കൊണ്ടോട്ടി എം.എൽ.എ ടി.വി.ഇബ്രാഹിം. ഏറ്റെടുക്കുന്ന സ്ഥലത്ത് കോട്ടേഴ്‌സും എയർപോർട്ട് സ്കൂളടക്കം നിലനിൽക്കുകയാണന്നും സ്ഥല ഏറ്റെടുപ്പ് നടപടി നിർത്തിയില്ലെങ്കിൽ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും എം.എൽ.എ. എയർപ്പോർട്ട് പാർക്കിംഗ് വികസനത്തിന്റെ പേരിൽ 100 ഓളം വീടുകൾ കുടി ഒഴിപ്പിക്കുന്നത് ഉൾപ്പെടെ തദ്ദേശവാസികളെ അവഗണിച്ചുകൊണ്ടുള്ള അശാസ്ത്രീയ സ്ഥലം ഏറ്റെടുപ്പിൽ നിന്ന് അധികാരികൾ പിന്മാറണമെന്നും ടി വി ഇബ്രാഹിം പറഞ്ഞു.
എയർപ്പോർട്ട് അതോറ്റിയുടെ തന്നെ കൈവശമുള്ള ഒഴിഞ്ഞു കിടക്കുന്ന 60 ഓളം ഏക്കർ സ്ഥലം ഉണ്ടായിട്ടും ,അത്യാധുനിക സംവിധാനങ്ങളോടെ നിലവിലെ സ്ഥലത്ത് തന്നെ പാർക്കിംഗ് സാഹചര്യം ഒരുക്കാമായിരുന്നിട്ടും ഇതിനൊന്നും ശ്രമിക്കാതെയാണ് ഈ സ്ഥലം ഏറ്റെടുപ്പ് നടത്താൻ പോകുന്നത്. ഇന്ത്യയിൽ ഒരു എയർപോർട്ടിലും കേട്ടുകേൾവി ഇല്ലാത്ത വിധം പാർക്കിംഗിനോട് ചേർന്ന സ്ഥലത്താണ് എയർപോർട്ട് സ്‌കൂൾ ,കോട്ടേഴ്‌സ് എന്നിവയുള്ളത്. അധികൃതരുടെ അനാസ്ഥയാണിതെന്നും എം.എൽ.എ കൂട്ടിച്ചേര്‍ത്തു. ശക്തമായ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും സ്ഥലം നേരിട്ട് സന്ദർശിച്ചുകൊണ്ട് എം.എൽ.എ പറഞ്ഞു.