മലപ്പുറം: തിരൂർ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് തിരൂർ മേഖലയിലെ സ്വകാര്യ ബസുകൾ വ്യഴാഴ്ച പണി മുടക്കും. അറ്റകുറ്റപ്പണികളുടെ പേരിൽ മാസങ്ങളായി കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടത് മൂലം യാത്രക്കാരും ബസ് തൊഴിലാളികളും ഏറെ പ്രയാസമാണ് നേരിടുന്നത്.
ദിനം പ്രതി ആയിരത്തിലധികം യാത്രക്കാർ വന്നു പോകുന്ന തിരൂർ ബസ് സ്റ്റാൻഡിൽ യാത്രക്കാരും ബസ് തൊഴിലാളികളും പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ സമീപത്തെ ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. നഗരസഭ അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും കംഫർട്ട് സ്റ്റേഷൻ തുറന്ന് കൊടുക്കാൻ തയ്യാറാകാത്ത സഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി ബസ് തൊഴിലാളികൾ രംഗത്തെത്തിയത്.
തൊഴിലാളികൾ നാളെ തിരൂർ നഗരകാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ഇതേ അവസ്ഥ തുടർന്നാല്‍ ബസ് സ്റ്റാൻഡ് ബഹിഷ്ക്കരണമുൾപ്പെടെയുള്ള സമരമുറകൾ സ്വീകരിക്കാനാണ് ബസ് തൊഴിലാളികളുടെ തീരുമാനം.