മലപ്പുറം: രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പുന്നപ്പുഴക്ക് കുറുകെ തടയണ നിര്‍മാണം ആരംഭിച്ചു. മൂത്തേടം പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലാണ് കാറ്റാടി തടയണ നിര്‍മാണം ആരംഭിച്ചത്. തടയണ നിര്‍മിക്കുന്നതോടെ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനും കാര്‍ഷിക ജലസേചനത്തിനും ഒരുപരിധിവരെ പരിഹാരമാകും. തടയണക്ക് സമീപം നിലനില്‍ക്കുന്ന ജലനിധി പദ്ധതിയെയാണ് പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.
മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തടയണ നിര്‍മിക്കുന്നത്. ഫണ്ട് ലഭ്യത കുറവാണെങ്കിലും പതിനാല് തൊഴില്‍ ദിനങ്ങളാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്. പ്രായമുള്ളവരടക്കമുള്ള തൊഴിലാളികളില്‍ സ്ത്രീകളാണ് കൂടുതലും. ചൂടിന്‍റെ കാഠിന്യം കാരണം സമയക്രമീകരണം നടത്തിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങൾ നടത്തുന്നത്.