മലപ്പുറം : ഫിഷറീസ് ഉദ്യോഗസ്ഥരെ കണ്ട് കടന്നുകളഞ്ഞ് തോട്ട പൊട്ടിച്ച് മീന്‍പിടിക്കുന്ന സംഘം. അഞ്ച് കിലോയോളം മീനും വലയും ഫോണും ഉദ്യോഗസ്ഥസംഘം പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഫിഷറീസ് സംഘത്തെ കണ്ടതും മീൻപിടിച്ചുകൊണ്ടിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കുതിരപ്പുഴയുടെ രാമംകുത്ത് കടവില്‍ നിലമ്പൂരിലെ മത്സ്യഭവൻ ഓഫിസിലെ ജീവനക്കാരാണ് പരിശോധന നടത്തിയത്. സംഘത്തിൽ ഏഴ് പേര്‍ ഉണ്ടായിരുന്നതായി അസി. ഓഫിസർ അബ്ദുൾ റഫീഖ് പറഞ്ഞു. ചാലിയാർ പുഴ, കുതിരപ്പുഴ എന്നിവിടങ്ങളിൽ തോട്ടപൊട്ടിച്ച് മീൻപിടിത്തം സജീവമാണ്. പരാതികളുടെ അടിസ്ഥാനത്തിൽ ഇവിടങ്ങളില്‍ നിരീക്ഷണം ഉര്‍ജിതമാക്കിയിട്ടുണ്ട്.
also read: അക്ഷരയ്ക്കും അനന്തുവിനും തൊഴില്‍ വേണം, ഒടുങ്ങാത്ത അവഗണനയിലും ജീവിതം കരുപ്പിടിപ്പിക്കാന്‍
2010ലെ ഫിഷറീസ് ആക്ട് പ്രകാരം ആറ് മാസം തടവും, 15,000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധനയില്‍ ഫിഷറീസ് ഓഫിസർ മുഹമ്മദ് കാസിം, അക്വാ കൾച്ചറൽ പ്രമോട്ടർ പി.ഗഫൂർ, പ്രൊജക്ട് കോഡിനേറ്റർ എം.വിവേക് എന്നിവർ പങ്കെടുത്തു.