മലപ്പുറം: ലോക്ക്ഡൗണിന്‍റെ ആദ‍്യദിനം ആനമറിയിലെ ഇസ്‌മായിലിന്‍റെ വീട്ടിൽ ഒരു അതിഥി എത്തി. നല്ല ആരോഗ‍്യവാനായ കരിങ്കുരങ്ങ്. വീടിന്‍റെ വരാന്തയിൽ ഇരിപ്പുറപ്പിച്ച കുരങ്ങ് ഏറെ നേരം കഴിഞ്ഞിട്ടും പോവാൻ കൂട്ടാക്കിയില്ല. അപ്പോഴേക്കും സംഭവം അറിഞ്ഞ് കുരങ്ങിനെ കാണാൻ നാട്ടുകാരും എത്തിത്തുടങ്ങി.
Also Read:ഉത്തരേന്ത്യൻ മുതൽ അഫ്‌ഗാൻ സ്റ്റൈൽ വരെ; തുന്നാൻ അബ്ബാ ഭായി ഉണ്ട്
കാണാൻ എത്തിയവരോടൊക്കെ അടുപ്പം കാണിച്ച കുരങ്ങ് വീട്ടുകാർ നൽകിയ ഭക്ഷണവും വെളളവും ഒക്കെ അകത്താക്കി. ശേഷം അഭ്യാസ പ്രകടനങ്ങളായി. കാഴ്ചകാരായെത്തിയ കുട്ടികൾക്കൊപ്പം കുരങ്ങൻ കളിക്കാനും തുടങ്ങി. കുരങ്ങ് പോവാൻ കൂട്ടാക്കാത്തതിനെ തുടർന്ന് വീട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചു.
എന്നാൽ വനപാലകർ എത്തിയതോടെ കുരങ്ങ് സമീപത്തെ മരത്തിന്‍റെ നെറുകയിൽ കയറി ഇരിപ്പായി. വനപാലകർ മടങ്ങിയെന്നറിഞ്ഞതോടെ കുരങ്ങ് വീട്ടിലെത്തി. ഇതറിഞ്ഞ് വീണ്ടും എത്തിയ വനപാലകർ അതിനെ പിടികൂടി നാടുകാണി ചുരത്തിൽ വിട്ടയച്ചു.