മലപ്പുറം: താനൂരിൽ ബി.ജെ.പി പ്രവർത്തകർ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ബി ജെ പി പ്രവർത്തകരായ പനങ്ങാട്ടൂർ മാങ്ങാ കുണ്ടിൽ സുരേശൻ(42) കുന്നുംപുറം കുന്നേക്കാട്ട് പ്രേം കിഷോർ (35), എസ് ഡി പി ഐ പ്രവർത്തകരായ പനങ്ങാട്ടൂർ സ്വദേശി നടുവിൽ നാലകത്ത് മൂസാൻ (60), കാരാട് എടോളി പറമ്പിൽ മുനീർ (29) എന്നിവരാണ് അറസ്റ്റിലായത്. നാലു പേരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍റ് ചെയ്തു. താനൂർ സി ഐ എ എം സിദ്ധിഖ്, എസ് ഐ സുമേഷ് സുധാകർ എന്നിവരുടെ നേതൃത്യത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
പൊലിസിനെ ആക്രമിക്കൽ, വാഹനം തകർക്കൽ, സംഘർഷം സൃഷ്ടിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് ആറോടെ താനൂർ റെയിൽവേ സ്റ്റേഷൻ റോഡിന് സമീപത്താണ് ബിജെപി-എസ്ഡിപിഐ സംഘർഷം നടന്നത്. സംഘർഷത്തിൽ നാല് ബി ജെ പി പ്രവർത്തകർക്കും ഒരു എസ് ഡി പി ഐ പ്രവർത്തകനും പരിക്കേറ്റിരുന്നു. കൂടാതെ താനൂർ സി ഐ എ എം സിദ്ധിഖിനും ആർ ആർ ക്യാമ്പിലെ ജി ജോയ്, ബിനോയ് എന്നീ പൊലീസുകാർക്കും പരിക്കേറ്റിരുന്നു. അക്രമത്തിൽ പരിക്കേറ്റ പ്രണവിന്റെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.