മലപ്പുറം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം എംപി. ഗവർണർ ബിജെപിയുടെ ഗുണ്ടയാണെന്നും, ആരിഫ് മുഹമ്മദ് ഖാൻമാരെ സംരക്ഷിക്കാൻ ഗവർണർ പദവി വേണ്ട എന്ന തീരുമാനം ഉണ്ടാകേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം കടുത്ത ഭാഷയില്‍ പ്രതികരിച്ചു. നിലമ്പൂരിൽ സിപിഐ മണ്ഡലം ഓഫിസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിനോയ് വിശ്വം പറഞ്ഞത് : "ഗവര്‍ണര്‍ പദവിയെ പറ്റി നമ്മളെല്ലാം വായിച്ചതും അറിഞ്ഞതും, അതെന്തോ വലിയ പദവിയാണെന്നാണ്. പക്ഷേ ആ പദവിയെ ബിജെപി ഇപ്പോള്‍ കാണുന്നത്, ബിജെപിയുടെ ഒരു ദൂതനോ, ദല്ലാളോ, അടിമയോ, ഗുണ്ടയോ, എനിക്കറിയില്ല വാക്ക് ഏതാണെന്ന്. ഏത് വാക്ക് പറയാം. ആ തലത്തേക്ക് ബിജെപി ചൊല്ലിപ്പറഞ്ഞയച്ച ആളെപ്പോലെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പലപ്പോഴും, ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്..."
ബിജെപിയുടെ ഉപകേന്ദ്രമായി രാജ്ഭവൻ മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 1950 മുതൽ നിലവിലുള്ള ഗവർണർ പദവികൾ ഇനിയും വേണമോ എന്ന് ചോദ്യത്തിന്റെ പ്രസക്തി കൂടുകയാണ്. ഇടതുസർക്കാറിനെ തകർക്കാൻ ഗവർണർ ശ്രമിക്കുമ്പോൾ കോൺഗ്രസ് മൗനം പാലിക്കുന്നു.
ശബ്‌ദം നഷ്‌ടപ്പെട്ടവരുടെ പാർട്ടിയായി കോൺഗ്രസ് മാറി. ഗവർണറും കോൺഗ്രസും ചേർന്ന് എൽഡിഎഫ് സർക്കാറിനെ തകർക്കാൻ ശ്രമിച്ചാൽ അതിനെ ചെറുക്കാൻ മുൻനിരയിൽ സിപിഐ ഉണ്ടാകുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.