മലപ്പുറം: മഞ്ചേരിയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. നാല് കിലോ കഞ്ചാവുമായി കുപ്രസിദ്ധ ലഹരി കടത്തു സംഘത്തലവൻ മേലാറ്റൂർ സ്വദേശി ഏരിക്കുന്നൻ പ്രതീപ് എന്ന മേലാറ്റൂർ കുട്ടനെയാണ് പിടികൂടിയത്. ജില്ലാ ആൻ്റി നാർക്കോട്ടിക്ക് സ്ക്വാഡും മഞ്ചേരി പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. മഞ്ചേരിയിലെ ചെറുകിട കച്ചവടക്കാർക്ക് വിതരണത്തിനായി എത്തിയപ്പോഴാണ് മഞ്ചേരി പാളിയപറമ്പ് ഗ്രൗണ്ടിനടത്തുവച്ച് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.
ഇയാളെ മേലാറ്റൂർ പൊലീസ് ജനുവരിയില്‍ കഞ്ചാവുമായി പിടികൂടിയിരുന്നു. 15 ദിവസം മുൻപാണ് ഈ കേസിൽ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. ഇയാളുടെ പേരിൽ മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും എക്സൈസിലുമായി 10ഓളം കഞ്ചാവ് കേസുകളും അമ്പലമോഷണ കേസുകളും നിലവിലുണ്ട്. 2019ൽ ആറ് കിലോ കഞ്ചാവും ഓട്ടോറിക്ഷയുമായി ജില്ലാ ആൻ്റിനാർക്കോട്ടിക്ക് സ്ക്വാഡ് ഇയാളെ മഞ്ചേരിയിൽ നിന്നും പിടികൂടിയിരുന്നു.
രണ്ട് ആഴ്ചക്കുള്ളിലാണ് വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി കൊണ്ടുവന്ന 14 കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികളായ മുസ്സമ്മിൽ, ഫിറോസ് എന്നിവരെ പിടികൂടിയത്. ഇതോടെ 15 ദിവസത്തിനുള്ളിൽ 18 കിലോ കഞ്ചാവാണ് മഞ്ചേരിയിൽ നിന്ന് മാത്രം പിടികൂടിയത്. ഇപ്പോൾ പിടിയിലായ ആൾ ഉൾപ്പെട്ട ലഹരിക്കടത്തു സംഘത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.