മലപ്പുറം: പ്രളയത്തെ അതിജീവിച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് നേടിയ മുഹമ്മദ് സിനാന് ഇനി ബൈത്തുറഹ്മയുടെ തണൽ. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ജാതി മത രാഷ്ട്രീയ ഭേദമെന്യേ നിർധനരായ കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയാണ് 'ബൈത്തുറഹ്മ'.മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിയാണ് സിനാന് വീട് നിർമ്മിച്ച് നൽകുക.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിർദ്ദേശ പ്രകാരം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് സിനാന്റെ വീട്ടിൽ നേരിട്ടെത്തിയാണ് വീട് നൽകുന്ന കാര്യം അറിയിച്ചത്. കഴിഞ്ഞ പ്രളയത്തിൽ സിനാനും കുടുംബവും താമസിക്കുന്ന വാടക വീട് വെള്ളം കയറി നശിച്ചിരുന്നു. വീട്ടുപകരണങ്ങൾക്കൊപ്പം സിനാൻ ജീവന് തുല്യം സ്നേഹിച്ച പാട്ട് പുസ്തകവും നശിച്ചു. മാതാവ് ജുമൈലത്തിന്റെ സഹായത്തോടെ പാട്ട് പുസ്തകം പകർത്തി എഴുതിയാണ് സിനാൻ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ മിന്നും താരമായത്.