മലപ്പുറം: അയോധ്യ കേസിലെ വിധി മുസ്‌ലിം സമൂഹത്തെ മുറിവേൽപ്പിക്കുന്നതാണെന്ന് മുസ്ലിം ലീഗ്. പരമോന്നത കോടതിയുടെ വിധി അംഗീകരിക്കുമ്പോൾ തന്നെ വിധി നിരാശജനകമാണെന്നും വൈരുധ്യം നിറഞ്ഞതാണെന്നും ലീഗ് വിലയിരുത്തി. അയോധ്യ കേസിലെ സുപ്രീം കോടതി വിധി അവലോകനം ചെയ്യാന്‍ പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് മുസ്ലിംലീഗ് നിലപാട് വ്യക്തമാക്കിയത്.
പള്ളി പൊളിച്ചത് കുറ്റകരമാണെന്ന് നിരീക്ഷിച്ച കോടതി, അതേ ആളുകൾക്ക് തന്നെ തർക്ക ഭൂമിയിൽ അവകാശം നൽകിയതുൾപ്പടെയുള്ള വൈരുധ്യങ്ങളാണ് ലീഗ് ചൂണ്ടിക്കാണിക്കുന്നത്. മുസ്ലിം സംഘടനകളുമായും സമാന ചിന്താഗതിയുള്ള മതേതര പാർട്ടികളുമായും കൂടിയാലോചിച്ച് വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ ഖാദർ മൊയ്തീൻ അധ്യക്ഷനായ സമിതിയെ യോഗം ചുമതലപ്പെടുത്തി.