മലപ്പുറം: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി നാടുകാണി ചുരത്തിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിന് സമീപമാണ് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ആരോഗ്യ വകുപ്പും വഴിക്കടവ് ട്രോമ കെയറിലെ 6 വളണ്ടറിയർമാരും ചേർന്നാണ് ബോധവത്ക്കരണത്തിന് കഴിഞ്ഞ ദിവസം നേതൃത്വം നൽകിയത്.
മുൻകരുതലിന്‍റെ ഭാഗമായി ചുരമിറങ്ങി വന്ന രണ്ട് ഫ്രാൻസ് സ്വദേശികളെയും ദമ്പതികളെയും മഞ്ചേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലേക്ക് മാറ്റിയെന്ന് അരുൺകുമാർ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ച മുതലാണ് അന്തർ സംസ്ഥാന പാതയായ കെഎൻജി റോഡിൽ ആരോഗ്യ വകുപ്പ് 24 മണിക്കൂർ നിരീക്ഷണവും ബോധവത്ക്കരണവും തുടങ്ങിയത്. ധാരാളം വിദേശ സഞ്ചാരികളും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരും കടന്നു പോകുന്ന ചുരം കൂടിയാണിത്.