മലപ്പുറം: റബർ മരങ്ങളുടെ ലേലം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അട്ടിമറിച്ചുവെന്നാരോപിച്ച് ലേലത്തിൽ പങ്കെടുക്കാൻ എത്തിയവർ അധികൃതർക്ക് പരാതി നൽകി. നിലമ്പൂർ പട്ടികവർഗ സഹകരണ സംഘത്തിന്‍റെ വീട്ടിച്ചാലിലെ ഓഫിസിൽ നടന്ന ലേലത്തിലാണ് അട്ടിമറി നടന്നായി കാണിച്ച് പട്ടികവർഗ വകുപ്പ് മന്ത്രി, ജില്ലാ കലക്ടർ, നിലമ്പൂർ പട്ടികവർഗ സഹകരണ സംഘം സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയത്. ചോക്കാട് ഗിരിജൻ കോളനിയിലെ റബർ മരങ്ങളുടെ ലേലമാണ് നടന്നത്.
1,200 റബർ മരങ്ങളാണ് മുറിച്ച് കൊണ്ടു പോകുന്നതിന് ലേലം നടന്നത്. 25,21,000 രൂപക്കാണ് ലേലം ഉറപ്പിച്ചത്. എന്നാൽ ചട്ടവിരുദ്ധമായാണ് ലേലം നടത്തിയതെന്നും കഴിഞ്ഞ രണ്ടു തവണ ലേലം നടത്തിയിട്ടും സംഘം പ്രതീക്ഷിച്ച തുക ലഭിക്കാതെ മാറ്റിവെയ്ക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. രണ്ട് ലേലത്തിലും ഉയർന്ന വിലക്ക് ലേലം വിളിച്ച തങ്ങളെ അറിയിക്കാതെയാണ് ലേലം നടത്തിയതെന്ന് കാളികാവ് സ്വദേശി മുജീബ് റഹ്മാൻ ഉൾപ്പെടെ 10 പേർ ഒപ്പിട്ട പരാതിയിൽ പറയുന്നു.
കോളനിയിലെ നാളികേര ലേലത്തിന്‍റെ മറവിലാണ് റബർ മരങ്ങളുടെ ലേലം രഹസ്യമായി നടത്തിയത്. 26 ലക്ഷം രൂപക്കുവരെ എടുക്കാൻ തങ്ങൾ തയ്യാറായിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ അഴിമതി നടത്താനാണ് രഹസ്യ ലേലം നടത്തിയതെന്നും പരാതിക്കാർ പറയുന്നു. ഡിസംബർ ഏഴിന് നടന്ന ലേലത്തിൽ 42 പേരും ഒമ്പതിന് നടന്ന രണ്ടാം ലേലത്തിൽ 21 പേരും പങ്കെടുത്തപ്പോൾ 19 ന് ശനിയാഴ്ച്ച നടന്ന ലേലത്തിൽ മൂന്ന് പേർ മാത്രമാണ് പങ്കെടുത്തത്. ലേലം വിളി നടക്കുന്നതിനിടയിൽ തിരക്കിട്ട് ലേലം ഉറപ്പിച്ചതായും പരാതിയിൽ പറയുന്നു.
അതേസമയം എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ലേലം നടത്തിയതെന്ന് സംഘം അധികൃതർ പറഞ്ഞു. കഴിഞ്ഞ 15ന്, ചോക്കാട് പഞ്ചായത്തിലും ചോക്കാട് വില്ലേജിലും നോട്ടീസ് പതിച്ചിരുന്നു. വ്യക്തിപരമായി അറിയിപ്പ് ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു. പത്രങ്ങളിൽ ലേല പരസ്യവും നൽകിയിരുന്നെന്ന് സംഘം ഭാരവാഹികൾ പറഞ്ഞു.