മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ രൂക്ഷമായ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. പദവികളുടെ പടി വാതില്‍ അടച്ച് പുറത്ത് നിർത്താം. എന്നാല്‍ ആത്മാഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്പ്പെടാനില്ലെന്നാണ് ഫേസ് ബുക്ക് പോസ്റ്റില്‍ ആര്യാടൻ ഷൗക്കത്ത് പറയുന്നത്. നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥി പരസ്യമായി ബി.ജെ.പി വോട്ട് നേടിയെന്നും ഷൗക്കത്ത് പരോക്ഷമായി പരാമർശിക്കുന്നു. ഈ പരാമർശത്തെ പിന്തുണച്ച് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാർഥി പിവി അൻവറും രംഗത്ത് എത്തിയതോടെ ആര്യാടൻ ഷൗക്കത്തിന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പിന്തുണയുമായി നിരവധി പേർ എത്തി. മുസ്ലീംലീഗിന്‍റെ എതിർപ്പാണ് ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് ആര്യാടൻ ഷൗക്കത്തിനെ മാറ്റി നിർത്താൻ കാരണമെന്നും ആരോപണമുണ്ടായിരുന്നു.
മുസ്ലിം ലീഗിന്‍റെ തെറ്റായ നയങ്ങളെ എന്നും എതിർത്ത ആര്യാടൻ മുഹമ്മദിന്‍റെ മകൻ ആര്യാടൻ ഷൗക്കത്തിനെ ഡിസിസി പ്രസിഡന്‍റാക്കാൻ അനുവദിക്കില്ലെന്ന മുസ്ലീംലീഗ് നിലപാടിനെ ശക്തമായി എതിർത്ത് 4000തോളം പേർ ഷൗക്കത്തിനെ അനുകൂലിച്ചും, ലീഗിനെ വിമർശിച്ചും ഷൗക്കത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ അഭിപ്രായം രേഖപ്പെടുത്തി. "ഒറ്റപ്പെടില്ല" എന്ന സന്ദേശവുമായി സി.പി.എം എടക്കര ഏരിയാ സെന്‍റർ അംഗം എം.ആർ. ജയചന്ദ്രൻ ഉൾപ്പെടെ നിരവധി പേരാണ് ഷൗക്കത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ഫേസ് ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ഒപ്പമുണ്ടാകും, ആർക്കും ഒറ്റപ്പെടുത്താനാവില്ല എന്ന് യൂത്ത് കോൺഗ്രസ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് ഷാജഹാൻ പായംമ്പാടം, ഒപ്പം ഉണ്ടാകുമെന്ന് അമരമ്പലം കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് കേമ്പിൽ രവി എന്നിവരും ഷൗക്കത്തിന് പിന്തുണയുമായി രംഗത്ത് എത്തി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തും ഡിസിസി പ്രസിഡന്‍റായിരുന്ന വിവി പ്രകാശും രംഗത്ത് എത്തിയതോടെയാണ് കോൺഗ്രസില്‍ പരസ്യ തർക്കം ഉടലെടുത്തത്. എന്നാല്‍ 2016ല്‍ ഷൗക്കത്തിന് വേണ്ടി മാറി നിന്ന വിവി പ്രകാശിന് കോൺഗ്രസ് നേതൃത്വം നിലമ്പൂരില്‍ സീറ്റ് നല്‍കുകയായിരുന്നു. പകരം ആര്യാടൻ ഷൗക്കത്തിന് പട്ടാമ്പി സീറ്റ് നല്‍കാം എന്ന് വാഗ്‌ദാനം ചെയ്തെങ്കിലും അത് ഷൗക്കത്ത് നിരസിച്ചു. പകരം മലപ്പുറം ഡിസിസി അധ്യക്ഷ സ്ഥാനമാണ് ഷൗക്കത്ത് ആവശ്യപ്പെട്ടത്. അത് നല്‍കിയെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിവി പ്രകാശിനെ തന്നെ വീണ്ടും ഡിസിസി പ്രസിഡന്‍റാക്കിയതാണ് ആര്യാടൻ ഷൗക്കത്ത് പരസ്യ പ്രതിഷേധവുമായി രംഗത്ത് വരാൻ കാരണം. നിലമ്പൂരില്‍ വിവി പ്രകാശ് തെരഞ്ഞെടുക്കപ്പെട്ടാല്‍ വീണ്ടും ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആര്യാടൻ ഷൗക്കത്തിന്‍റെ പേര് നിർദ്ദേശിക്കപ്പെട്ടേക്കാം. പക്ഷേ മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ ഷൗക്കത്തിന്‍റെ നിലപാട് എന്താകുമെന്നറിയാൻ കാത്തിരിക്കുകയാണ് നിലമ്പൂരിലെ കോൺഗ്രസ് നേതൃത്വം. ആര്യാടന്‍റെ ഫേസ്ബുക്ക് പോസ്റ്റും അതിനോട് എല്‍ഡിഎഫ് നേതാക്കളുടെ അനുഭാവ പ്രതികരണവും നിലമ്പൂരിലെ കോൺഗ്രസിലും യു.ഡി.എഫിലും ചർച്ചയായിട്ടുണ്ട്.