മലപ്പുറം: പട്ടാമ്പി മണ്ഡലത്തില്‍ യൂഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്. നിലമ്പൂരില്‍ മത്സരിക്കാനാണ് താല്‍പര്യമെന്നും, ഇക്കാര്യം നേതൃത്വത്തെ അറിയിച്ചെന്നും ഷൗക്കത്ത് വ്യക്തമാക്കി. നിലമ്പൂരില്‍ മത്സരിക്കാന്‍ തുടക്കം മുതല്‍ ശ്രമം നടത്തിയിരുന്നെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല. നാലു വർഷമായി മണ്ഡലത്തിൽ സജീവ പ്രവർത്തനം നടത്തി വരികയായിരുന്നു ആര്യാടൻ ഷൗക്കത്ത്. ഇതേതുടര്‍ന്നാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. നേരത്തെ പട്ടാമ്പി സീറ്റിനായി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അവകാശവാദം ഉന്നയിച്ചിരുന്നു.
നിലമ്പൂരില്‍ വി.വി പ്രകാശിനെ മത്സരിപ്പിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍ മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും പ്രകാശനെ വേണ്ട എന്ന് ബോർഡ് വ്യാപകമായി. ഇതോടെ സീറ്റ് പ്രഖ്യാപിക്കാനിരിക്കുന്ന ആറ് മണ്ഡലങ്ങളിലുണ്ടായ ധാരണ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവന്നൂര്‍, പട്ടാമ്പി എന്നീ മണ്ഡലങ്ങളിലാണ് തര്‍ക്കം നിലനിന്നിരുന്നത്. ഇന്ന് വൈകുന്നേരം സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ യുഡിഎഫ് പ്രഖ്യാപിക്കാനിരിക്കെയാണ് വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.