മലപ്പുറം: വീട്ടിൽ വെച്ച് അനധികൃതമായി മദ്യവിൽപന നടത്തിയ ബാറുടമ എക്സൈസിൻ്റെ പിടിയിൽ. വണ്ടൂരിൽ സിറ്റി പാലസ് എന്ന ബാർ നടത്തുന്ന പ്രവാസി വ്യവസായി വെള്ളയൂർ ചെറുകാട് വീട്ടിൽ നരേന്ദ്രനെയാണ് നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.ഹരികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ് ഇന്‍റലിജൻസ് വിഭാഗത്തിൻ്റെ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുറച്ച് ദിവസമായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. പ്രിവൻ്റീവ് ഓഫീസർ ഹരികൃഷ്ണൻ്റെ നേതൃത്യത്തിലുള്ള സംഘം ഇയാൾ വാടകക്ക് താമസിക്കുന്ന നടുവത്ത് വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. അതേ സമയം മറ്റൊരു സംഘം അടച്ചിട്ട ബാറിലെത്തി പരിശോധന നടത്തി.
ലോക്ക് ഡൗൺ തുടങ്ങിയ സമയത്ത് ബാറിലെ മദ്യത്തിൻ്റെ സ്റ്റോക്ക്, എക്സൈസ് വകുപ്പ് സീൽ ചെയ്തതായിരുന്നു. അത് തകർത്ത് മദ്യമെടുത്ത് വിൽപന നടത്തിയതായി കണ്ടെത്തിയതായി എക്സൈസ് അധികൃതർ അറിയിച്ചു. സ്റ്റോർ മുറിയിൽ കാണേണ്ട മദ്യത്തിൽ കുറവുണ്ട്. 450 രൂപ വിലയുള്ള മദ്യം 2300 രൂപക്ക് ബാറിലെ സെക്യൂരിറ്റി ജീവനക്കാരന് നൽകി അയാളത് 2600 രൂപക്ക് മറിച്ചുവിറ്റിരുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ജനകീയ ബ്രാൻഡായിരുന്ന ജവാൻ 2000 രൂപക്കാണ് വിറ്റിരുന്നതെന്നും പറയുന്നു. ഇത്തരത്തിൽ അഞ്ചു ലക്ഷം രൂപയുടെ മദ്യം ബാറിൽ നിന്ന് കടത്തിയതായാണ് പ്രാഥമിക വിവരം.
എക്സൈസ് ഇൻസ്പെക്ടർ റോബിൻ ബാബു, കാളികാവ് റെയ്ഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർമാരായ എൻ.ശങ്കരനാരായണൻ, പി.അശോകൻ, ഇന്‍റലിജന്‍റ്‌സ് വിഭാഗം ഇൻസ്പെക്ടർമാരായ ടി. ഷിജു മോൻ, പി ജുനൈദ്, സി.ഇ.ഒ. കെ.എം. അനീഷ്, പി.കെ.സതീഷ്, കെ.പ്രദീപ് കുമാർ, അരുൺകുമാർ, വനിതാ സി.ഇ.ഒ. എ.കെ.നിമിഷ എന്നിവരാണ് പരിശോധനാ സ്ഥലത്തുണ്ടായിരുന്നത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.