മലപ്പുറം: 33.9 കോടി രൂപയുടെ ബജറ്റുമായി അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതി. ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കി എല്ലാ മേഖലയിലും വീകസനം എത്തിക്കുകയെന്നതാണ് യുഡിഎഫ് ഭരണസമിതിയുടെ ലക്ഷ്യമെന്ന് വികസന സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ താണിയൻ സലീന പറഞ്ഞു. 33.97 കോടി വരവും 33.34 കോടി ചെലവും 63 ലക്ഷം മിച്ചം വരുന്ന ബജറ്റാണ് വൈസ് പ്രസിഡന്‍റ് കറുമുക്കിൽ ഷബീർ അവതരിപ്പിച്ചത്.
വികസന ഫണ്ട് സംസ്ഥാന വിഹിതം, കേന്ദ്രവിഹിതം, ജില്ലാ ബ്ലോക്ക് ഫണ്ട് പഞ്ചായത്ത് തനത് വരുമാനം എന്നിങ്ങനെയുള്ള തുക സമാഹരണം ലക്ഷ്യമിടുന്നു. ഉൽപാദന മേഖലയിൽ ഒരു കോടി, ഭവന നിർമാണ മേഖലക്ക് മൂന്ന് കോടി, കുടിവെള്ള മേഖലയിൽ 80 ലക്ഷം, ഗതാഗത മേഖലയിൽ മൂന്ന് കോടിയും വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിയിൽ രണ്ടുകോടി കുടുംബശ്രി അംഗങ്ങൾക്ക് ഗൃഹോപകരണ വായ്പ മേള, വനിതകൾക്ക് യോഗ പരിശീലനം യുവജനങ്ങൾക്ക് ജിംനേഷ്യവും, കുട്ടികൾക്ക് കളിയും കാര്യവും എന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയും 25 വർഷം മുന്നിൽക്കണ്ട് ഏകീകൃത പൈതൃകം നിലനിർത്തുന്നതുമായ പഞ്ചായത്തിന്‍റെ സമഗ്ര വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പദ്ധതിക്കുള്ള തുകയും ബജറ്റിൽ ഇടം നേടിയിട്ടുണ്ട്.