മലപ്പുറം: ആനക്കയം സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പരിശോധന നടത്തി വിജിലൻസ്. കേസിൽ ആരോപണ വിധേയനായ ബാങ്ക് മുന്‍ യു.ഡി ക്ലർക്ക് കെ.വി സന്തോഷ് കുമാറിന്‍റെ വീട്ടിലാണ് ഉദ്യോഗസ്ഥര്‍ റെയ്‌ഡ് നടത്തിയത്. പള്ളിക്കാപറ്റയിലെ സന്തോഷിന്‍റെ വീട്ടിൽ രണ്ട് മണിക്കൂറോളം നടന്ന പരിശോധനയില്‍ നിർണായക രേഖകൾ ലഭിച്ചതായാണ് വിവരം.
സന്തോഷ് തട്ടിയത് ഏഴുകോടിയിലധികം രൂപ
മലപ്പുറം വിജിലൻസ് ഇൻസ്‌പെക്ടർ ജ്യോതിന്ദ്ര കുമാറിന്‍റെ നേതൃത്വത്തിലെത്തിയ സംഘം ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ബാങ്ക് മുന്‍ ജീവനക്കാരന്‍റെ വീട്ടിലെത്തിയത്. 2018 ൽ 232 നിക്ഷേപകരിൽ നിന്നായി പത്തു കോടിയോളം രൂപയാണ് സഹകരണ ബാങ്ക് തട്ടിയെടുത്തത്. ഇതില്‍ 73529000 രൂപ സന്തോഷ് തട്ടിയെടുത്തതായാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം.
രണ്ടര വർഷമായിട്ടും പണം തിരികെ നല്‍കാതെ ബാങ്ക്
ഇയാൾ ഈ തുക എങ്ങനെ ചെലവഴിച്ചെന്ന കാര്യത്തിൽ വ്യക്തതയില്ല. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികൾ തട്ടിപ്പിന് നേതൃത്വം നൽകിയിരുന്നോ എന്ന കാര്യവും വിജിലൻസ് പരിശോധിക്കുന്നുണ്ട്. സന്തോഷിന്‍റെ വീട്ടിൽ നിന്നും ലഭിച്ച രേഖകൾ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
സംഭവത്തിൽ കുറ്റകാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കെ.വി. സന്തോഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇയാളുടെ ഭൂമി ബാങ്ക് ഏറ്റെടുത്തു. ഇത് വില്‍പന നടത്തി പണം തിരിച്ചു നൽകാമെന്നാണ് ബാങ്കിന്‍റെ വാഗ്ദാനമെങ്കിലും രണ്ടര വർഷമായിട്ടും നടപടികൾ ഒന്നും ഉണ്ടായില്ല.
ALSO READ: ETV BHARAT EXCLUSIVE; പണം വിഴുങ്ങുന്ന എടിഎം, കൊയിലാണ്ടി എടിഎമ്മില്‍ വൻ തട്ടിപ്പ്