മലപ്പുറം: ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കേരള മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ സ്ക്രീൻ പരിശോധനയിൽ വലഞ്ഞ് സംസ്ഥാനത്തെ ആംബുലൻസ് ഡ്രൈവർമാർ. പുതിയ നിർദ്ദേശ പ്രകാരം വാഹനങ്ങളിലെ ഗ്ലാസ് ഡോറുകളിൽ കൂളിംഗ് ഫിലിമുകളും കർട്ടനുകളും പാടില്ലെന്ന നിയമമാണ് ആംബുലൻസുകൾക്ക് വിനയായിരിക്കുന്നത്.
അത്യാസന്ന നിലയിൽ രോഗികളെയും കൊണ്ട് പായുന്ന ആംബുലൻസുകളിൽ രോഗിയുടെയും രോഗിയുടെ കൂടെ ഉള്ളവരുടെയും സ്വകാര്യത സംരക്ഷിക്കാൻ കൂളിംഗ് ഫിലിമുകളും കർട്ടനുകളും അത്യവശ്യമാണെന്ന് ആംബുലൻസ് ഡ്രൈവർമാർ പറയുന്നു. ചില സമയങ്ങളിൽ രോഗികൾ അവരുടെ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരിക്കും. അതുമൂലം കൂളിംഗ് ഫിലിമുകളുടെയും കർട്ടന്‍റെയും അഭാവത്തിൽ നഗ്നത പുറത്ത് കാണാൻ ഇടയുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
ആശുപത്രികളിലേക്കുള്ള വഴിമധ്യേ ആംബുലൻസുകളിൽ പ്രസവിക്കുന്ന ഗർഭിണികളുണ്ട്. സ്വന്തം വസ്ത്രങ്ങൾ പോലും വലിച്ചെറിയുന്ന മാനസികാസ്വസ്ഥ്യമുള്ള രോഗികളുണ്ട്. വിവസ്ത്രരായി, കോട്ടൺ മാത്രം ഉപയോഗിച്ച് കൊണ്ടു പോകേണ്ടി വരുന്ന തീ പൊള്ളലേറ്റവർ തുടങ്ങിയവര്‍ക്കെല്ലാം വണ്ടിയിലെ കർട്ടൻ അവരുടെ സ്വകാര്യത സംരക്ഷിക്കാൻ അത്യാവശ്യമാണെന്ന് ഡ്രൈവർമാർ പറയുന്നു.
രോഗികളുടെ സ്വകാര്യതയെ ബാധിക്കുന്ന നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി ആംബുലൻസുകളെ പ്രത്യേക കാറ്റഗറിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ആംബുലൻസ് പ്രവർത്തകരുടെ സംഘടനയായ ആംബുലൻസ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് അസോസിയേഷൻ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.