മലപ്പുറം: നിലമ്പൂര്‍ ഏലക്കുളം ആശുപത്രിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ലഭിക്കേണ്ട ചികിത്സ നിഷേധിക്കുന്നുവെന്ന് പരാതി. ടെസ്റ്റുകള്‍ നടത്തിയതിന്‍റെ ബില്ല് നല്‍കുന്നില്ലെന്നും രോഗികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. എരുമമുണ്ട സ്വദേശിയായ നസീമയുടെ മാതാവ് പാത്തുമ്മയ്‌ക്ക് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് മുന്നോടിയായി വിവിധ പരിശോധനങ്ങള്‍ നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആര്‍എസ്‌ബിവൈ പദ്ധതി പ്രകാരമാണ് മാതാവിനെ ചികിത്സക്ക് എത്തിച്ചത്. ശസ്‌ത്രക്രിയയ്‌ക്ക് മുന്നോടിയായി 10,000 രൂപ അടച്ചു. ഇത് കൂടാതെ കൊവിഡ് പരിശോധന, ലാബ് പരിശോധന ഉള്‍പ്പെടെ 10,000 രൂപയോളം ചെലവായി. ഇത് ആര്‍എസ്‌ബിവൈ പദ്ധതിയില്‍ ഉള്‍പ്പെടാത്തതിനാല്‍ പണം അടച്ചതിന്‍റെ രസീത് ചോദിച്ചെങ്കിലും നല്‍കിയില്ലെന്ന് നസീമ പറയുന്നു. ഡിസ്‌ചാര്‍ജ് ചെയ്യുമ്പോള്‍ മാതാവിന് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ട്രിപ്പിടാന്‍ ഡോക്‌ടര്‍ നിര്‍ദേശിച്ചു. ഇതിന് 460 രൂപയുടെ ബില്ലും നല്‍കി. എന്നാല്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ ട്രിപ്പ് ഒഴിവാക്കി ചായ വാങ്ങി കൊടുത്താല്‍ മതിയെന്നാണ് പറഞ്ഞതെന്നും നസീമ ആരോപിച്ചു.
ഹര്‍ണിയയ്‌ക്ക് ശസ്‌ത്രക്രിയ നടത്താനാണ് പത്ത് വയസുകാരനായ ഡിനാനിനെ ഏലകുളം ആശുപത്രിയിലെത്തിച്ചത്. വിവിധ ടെസ്റ്റുകള്‍ ആശുപത്രി മാനേജ്മെന്‍റിന്‍റെ കീഴിലുള്ള ലാബില്‍ നടത്തി. 2,000 രൂപയോളം ചെലവായെങ്കിലും പണം അടച്ചതിന്‍റെ രസീത് ലഭിച്ചിട്ടില്ലെന്ന് ബന്ധുവായ പറവീസ് പറഞ്ഞു. ശസ്‌ത്രക്രിക്ക് മുന്‍പ് 10,500 രൂപ അടച്ചെങ്കിലും ശസ്‌ത്രക്രിയ നടക്കില്ലെന്ന് ഡോക്‌ടര്‍ പറഞ്ഞതായും അതോടെ ശസ്‌ത്രക്രിയ നടത്താതെ മടങ്ങിയെന്നും പറവീസ് പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ആശുപത്രി എംഡിയും ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്‍റുമായ ഡോ.ഇ.കെ.ഉമ്മറിന്‍റെ വാദം. ആർഎസ്ബിബൈ പദ്ധതി പ്രകാരം അഡ്മിറ്റായ ശേഷമാണ് സൗജന്യ ചികിത്സ ലഭിക്കുന്നത്. ശസ്‌ത്രക്രിയക്കും മറ്റു ചികിത്സക്കും എത്തുന്നവർ അഡ്മിറ്റാകുന്നതിന് മുൻപുള്ള പരിശോധനകളുടെ ചെലവുകൾ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ശിശുരോഗ സർജനില്ലാത്തതിനാൽ 12 വയസിന് താഴെയുള്ള കുട്ടികളെ തന്റെ ആശുപത്രിയില്‍ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലുൾപ്പെടുത്തി ശസ്‌ത്രിക്രിയ നടത്താൻ കഴിയില്ലെന്നും ആരോപണമുന്നയിച്ചവർക്ക് ബില്ല് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.