മലപ്പുറം: അകമ്പാടത്തെ മൃഗവേട്ടയിൽ നാല് പ്രതികളെ റിമാന്‍ഡ് ചെയ്‌തു, തോക്കുകൾ പിടിച്ചെടുത്തു. കൂടുതൽ പേർ ഉടൻ വലയിലാകുമെന്നാണ് സൂചനകൾ. മുഖ്യ പ്രതി മണ്ണുപ്പാടം സ്വദേശി ഉൾപ്പെടെയുള്ളവർ ഇപ്പോഴും ഒളിവിലാണ്. മൃഗ വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ കല്ലുണ്ട സ്വദേശി ദേവദാസ് (49), പെരുവമ്പാടം മുസ്തഫ കമാൽ (45), നമ്പൂരിപ്പൊട്ടി നിസാർ (38), പെരുവമ്പാടം സഹദേവൻ (68) എന്നിവരെയാണ് മഞ്ചേരി വനം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തത്.
എടവണ്ണ സ്വദേശികളായ യാക്കൂബ് (24), എടവണ്ണ ഇർഷാദ്(26) എന്നീ പ്രതികളെ വീഡിയോ കോൺഫറൻസിലൂടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. മുസ്തഫ കമാലിന്‍റെ വീട്ടിൽ നിന്നും നാല് നാടൻ തോക്കുകളും ഇർഷാദിന്‍റെ വീട്ടിൽ നിന്നും രണ്ട് തോക്കുകളുമാണ് പിടിച്ചെടുത്തത്. ക്വാറിയിലെ വെള്ളത്തിൽ തോക്ക് മുക്കിയിട്ടിരിക്കുന്നു എന്നാണ് ഇർഷാദ് ആദ്യം വനപാലകർക്ക് മൊഴി നൽകിയത്. എന്നാൽ, തോക്ക് വീടിന് പുറകിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് വടക്കേ പെരുമുണ്ട സ്വദേശി സുകുമാരനെ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിക്കാത്തതിനാൽ വിട്ടയച്ചു. മൃഗങ്ങളെ വേട്ടയാടി വിൽപന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണിവർ. ഇവരിൽ നിന്നും ഇറച്ചി വാങ്ങിയവരുടെ ലിസ്റ്റും ശേഖരിച്ചു വരുന്നു. ആയുധ നിയമപ്രകാരം തോക്കുകൾ പൊലീസിന് കൈമാറും. മറ്റ് പ്രതികളെ കൂടി പിടികൂടാനായി എടവണ്ണ റെയ്ഞ്ച് ഓഫിസർ ഇംറോസ് ഏലിയാസ് നവാസിന്‍റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.