മലപ്പുറം: ലോകം കൊവിഡ് എന്ന മഹാമാരിയെ നേരിടുമ്പോൾ കേരളം അതിജീവനത്തിന്‍റെ വലിയ മാതൃകയാണ് ലോകത്തിന് സമ്മാനിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം ആവശ്യപ്പെട്ടപ്പോൾ ചെറുതും വലുതുമായ ഒട്ടനവധി സഹായ ഹസ്തങ്ങളാണ് കേരളത്തിന് കരുത്താകുന്നത്. അഞ്ച് വർഷം കൊണ്ട് സ്വരുക്കൂട്ടി വെച്ച 3235 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ മലപ്പുറം ചെറുകര എംഐസി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഇംറാനും രണ്ടാം ക്ലാസ് വിദ്യാർഥി റഫ ഫാത്തിമയും ഈ കൊവിഡ് കാലത്ത് കേരളത്തിന്‍റെ നന്മയാണ്.
താലൂക്ക് ഓഫീസിൽ നേരിട്ട് എത്തിയ മുഹമ്മദ് ഇംറാനും റഫാ ഫാത്തിമയും തുക പെരിന്തല്‍മണ്ണ തഹസില്‍ദാർ പിടി ജാഫറലിയെ ഏല്‍പ്പിച്ചു. കൊച്ചു മിടുക്കനും മിടുക്കിയ്ക്കും തഹസില്‍ദാർ സാനിറ്റൈസർ സമ്മാനമായി നല്‍കി. മുത്തച്ഛൻ തൂളിയത്ത് അബ്ദുള്ള, ടി അഫ്സാർ ബാബു, ആനമങ്ങാട് വില്ലേജ് ഓഫീസ് ഫീൽഡ് അസിസ്റ്റന്‍റ് കെ.എം ഗഫൂർ, യു അജയൻ, സത്താർ ആനമങ്ങാട് എന്നിവരും സന്നിഹിതരായിരുന്നു.